കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ല കലക്ടര്‍ ഡോ. പി കെ ജയശ്രീ. രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും കലക്ട്രേറ്റില്‍ കൂടിയ അടിയന്തര യോഗത്തിൽ കലക്ടർ നിർദേശം നൽകി.
ഇന്ന് മുതലുള്ള നിയന്ത്രണങ്ങള്‍:പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും ഇന്ന് മുതല്‍ മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. രോഗം കണ്ടെത്തിയതിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കോഴി/താറാവ്/മറ്റുവളർത്തുപക്ഷികൾ എന്നിവ അസാധാരണമായി മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവിപുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ്, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് നിരീക്ഷണമേഖലയിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശാടനപക്ഷികൾ, കടൽപക്ഷികൾ എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്.