കോട്ടയം:കേന്ദ്രസർക്കാരും കോട്ടയം ഭരണങ്ങാനവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒരു ബന്ധവുമില്ലെന്ന് പറയാനാകില്ല. കാരണം കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസിന്‍റെ ശോചനീയാവസ്ഥ അറിയേണ്ടത് കേന്ദ്രം ഭരിക്കുന്നവർ തന്നെയല്ലേ എന്നാണ് ഭരണങ്ങാനത്തുകാർ ചോദിക്കുന്നത്.
നിലംപൊത്താറായി ഭരണങ്ങാനത്തെ തപാല്‍ ഓഫിസ് മഴ പെയ്താല്‍ ഒരു തുള്ളി വെള്ളവും പുറത്തുപോകില്ല. ചോർന്നൊലിച്ച് മഴ നനഞ്ഞ് ജോലി ചെയ്യേണ്ട അവസ്ഥ. പടുത വലിച്ച് കെട്ടിയ ഓഫിസ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ നിലയിലാണ്. ചുറ്റും കാട് മൂടിയതിനാല്‍ പാമ്പ് അടക്കമുള്ള വിഷജന്തുക്കളെ ഭയന്നാണ് ജീവനക്കാർ ഇവിടെ ഇരിക്കുന്നത്.
ഭരണങ്ങാനം ഫോറോനാ പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് നിലവില്‍ പോസ്‌റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് ജീവനക്കാരാണ് ഇവിടെയുള്ളത്. ഭരണങ്ങാനം, ഇടപ്പാടി, അമ്പാറ നിരപ്പേൽ, പൂവത്തോട്, കിഴ, പറയാർ, ചൂണ്ടച്ചേരി, അമ്പാറ, നരിയങ്ങാനം വേഴങ്ങാനം എന്നിവിടങ്ങളാണ് ഭരണങ്ങാനം പോസ്‌റ്റ് ഓഫിസിന് കീഴില്‍ വരുന്ന സ്ഥലങ്ങള്‍.
ഭരണങ്ങാനം അല്‍ഫോസ തീര്‍ഥാടന കേന്ദ്രത്തിന് സമീപത്തായതിനാല്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികളടക്കം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഓഫീസിന്‍റെ അവസ്ഥയാണിത്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിനും കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകാനൊരുങ്ങുകയാണ് ജീവനക്കാര്‍.