കേരളം

kerala

ETV Bharat / state

പൂര്‍ണ സജ്ജം ശബരിമല ഇടത്താവളങ്ങള്‍: സൗകര്യങ്ങള്‍ എന്തെല്ലാം? വിശദമായി അറിയാം - latest sabarimala news

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഇടത്താവളങ്ങളില്‍ ഹെല്‍ത്ത് ഡസ്‌ക്കുകളും ഓക്‌സിജന്‍ പാര്‍ലറുമടക്കമുള്ള മുഴുവന്‍ സൗകര്യങ്ങള്‍ സജ്ജമായി.

തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ഇടത്താവളങ്ങൾ  Basic facilities in midways  pilgrims of sabarimala  sabarimala  ശബരിമല ഇടത്താവളം  ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജം  ഇടത്താവളങ്ങളില്‍ ഹെല്‍ത്ത് ഡസ്‌ക്കുകള്‍  തിരുനക്കര  വെർച്വൽ ക്യൂവിനുള്ള സൗജന്യ ബുക്കിങ്  ഇടത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ  വെർച്വൽ ക്യൂ ബുക്കിങ്  ശബരിമല  kerala news updates  latest sabarimala news  sabarimala pilgrims
ശബരിമല ഇടത്താവളം; ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജം

By

Published : Nov 28, 2022, 2:19 PM IST

കോട്ടയം: സുഗമമായ ശബരിമല തീർഥാടനത്തിന് ഭക്തർക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂർ എന്നിവയാണ് ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങൾ.
വെർച്വൽ ക്യൂവിനുള്ള സൗജന്യ ബുക്കിങ്, ഭക്ഷണം, കുടിവെള്ളം, വിരിവയ്ക്കൽ, കെട്ടുനിറയ്ക്കൽ, മെഡിക്കൽ സേവനങ്ങൾ, പാർക്കിങ്, ടോയ്‌ലറ്റ് എന്നിവയടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടത്താവളങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ ഹെൽത്ത് ഡെസ്‌ക്കുകള്‍ പ്രവർത്തിക്കുന്നു. കാനനപാതകളിൽ ഓക്‌സിജൻ പാർലർ സൗകര്യവുമുണ്ട്.

ശബരിമല ഇടത്താവളം; ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജം

വിവിധ ഇടത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ:
ഏറ്റുമാനൂർ:വെർച്വൽ ക്യൂ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറേ മൈതാനം, ശ്രീകൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളതായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വി.ആർ ജ്യോതി പറഞ്ഞു. കെട്ടുനിറയ്ക്കാനുള്ള സൗകര്യമുണ്ട്. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് അത്താഴ കഞ്ഞിയും നൽകുന്നു. ചുക്കു വെള്ള വിതരണവുമുണ്ട്. ക്ഷേത്ര മൈതാനത്ത് വാഹന പാർക്കിങ്ങിന് സൗകര്യമുണ്ട്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ആയുർവേദം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെൽത്ത് ഡെസ്‌കുകൾ പ്രവർത്തിക്കുന്നു. സുരക്ഷയ്ക്കായി 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷ സേന യൂണിറ്റ് എന്നിവയുടെ സേവനം. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. എല്ല ദിവസവും വൈകിട്ട് 7.30ന് ഏറ്റുമാനൂരില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സി. ബസ് ബുക്കിങ്ങിനുള്ള സഹായവും ലഭിക്കും. പ്രഥമികാവശ്യങ്ങൾ നിറവേറ്റാനായി കംഫർട്ട് സ്റ്റേഷനുണ്ട്.
തിരുനക്കര: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ തീർഥാടകർക്ക് വിരിവയ്ക്കാൻ ശിവശക്തി ഓഡിറ്റോറിയത്തിൽ ഷെൽട്ടർ തുറന്നിട്ടുണ്ട്. അയ്യപ്പനടയിൽ കെട്ടുനിറയ്ക്കാൻ സൗകര്യമുണ്ട്. അത്താഴ കഞ്ഞിയും കുടിവെള്ളവും ചുക്ക് കാപ്പിയും ലഭിക്കും. മൈതാനത്ത് പാർക്കിങ്ങിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിമുറി സൗകര്യവുമുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പൊലീസ് എയ്‌ഡ് പോസ്റ്റുണ്ട്. ആരോഗ്യ വകുപ്പിന്‍റെ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് സേവനം ലഭ്യമാണ്. കെ.എസ്.ആർ.ടി.സി. ബസ് മുൻകൂർ ബുക്കിങ് സൗകര്യമുണ്ട്. എല്ല ദിവസവും വൈകിട്ട് ഒമ്പതിന് ഇവിടെ നിന്ന് പമ്പയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസുമുണ്ടെന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ പി.ആർ. മീര പറഞ്ഞു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ബുക്കിങിനും ഊട്ടുപുരയിൽ വിരിവയ്ക്കാനും സൗകര്യമുണ്ടെന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ പി.അനിൽ കുമാർ പറഞ്ഞു. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ലഭിക്കും. കുടിവെള്ള വിതരണമുണ്ട്. കെട്ടുനിറയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ ഹെൽത്ത് ഡെസ്‌ക് പ്രവർത്തിക്കുന്നു. അമ്പല മൈതാനത്തും ദേവസ്വം സ്ഥലത്തുമായി പാർക്കിങ് സൗകര്യമുണ്ട്. ശുചിമുറി സൗകര്യവുമുണ്ട്.
എരുമേലി:തീർഥാടകർ ഏറെയെത്തുന്ന എരുമേലിയിൽ വിവിധ വകുപ്പുകളും ദേവസ്വം ബോർഡും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. വിവിധ വകുപ്പുകൾ മികച്ച രീതിയിൽ സേവനം നൽകുന്നതായി ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.ശ്രീധര ശർമ പറഞ്ഞു. വെൽച്വൽ ക്യൂ സ്പോട് ബുക്കിങ് സൗകര്യമുണ്ട്. കുടിവെള്ളം, ചുക്കുവെള്ളം, ഉച്ചയ്ക്ക് ഔഷധ കഞ്ഞി, അത്താഴക്കഞ്ഞി എന്നിവയുണ്ട്. ഒരേ സമയം 300 പേർക്ക് വിരിവയ്ക്കാൻ പൊലീസ് എയ്‌ഡ് പോസ്റ്റിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ സൗകര്യമുണ്ട്. പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നു. കൂടുതൽ ശൗചാലയങ്ങൾ തുറന്നിട്ടുണ്ട്. തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ കേന്ദ്രം പ്രവർത്തിക്കുന്നു. ഹോമിയോ, ആയുർവേദം, അലോപ്പതി വിഭാഗങ്ങളുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് ഡെസ്ക്കുണ്ട്. പൊലീസിന്‍റെയും ഫയർഫോഴ്‌സിന്‍റെയും സേവന 24 മണിക്കൂർ ലഭിക്കും. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഇത്തവണ പ്രത്യേക ഡ്യൂട്ടി മജിസ്ട്രേറ്റിനെയും നിയോഗിച്ചിട്ടുണ്ട്.
കടുത്തുരുത്തി:കടുത്തുരുത്തി ക്ഷേത്രത്തിൽ വിരിവയ്ക്കുന്നതിന് വിരി പന്തലിൽ സൗകര്യമുണ്ട്. പ്രഭാത ഭക്ഷണവും ചുക്ക് വെള്ളവും നൽകുന്നു. ഗോപുരത്തിന് താഴ്ഭാഗത്തായി പാർക്കിങ് സൗകര്യമുണ്ട്. ശൗചാലയ സൗകര്യവും ലഭ്യമാണ്. ആരോഗ്യ വകുപ്പിന്‍റെ ഹെൽത്ത് ഡെസ്‌ക് പ്രവർത്തിക്കുന്നു.
കടപ്പാട്ടൂർ:തീർഥാടകർക്ക് പന്തലിൽ വിരിവയ്ക്കുന്നതിന് സൗകര്യമുണ്ട്. ഭക്തർക്കായി അന്നദാനമുണ്ട്. പൊലീസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ആയുർവേദം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെൽത്ത് ഡസ്ക്കുകൾ പ്രവർത്തിക്കുന്നു. കുളിക്കടവിൽ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൗകര്യമൊരുക്കി തദ്ദേശ സ്ഥാപനങ്ങൾ:ശബരിമല തീർഥാടനം സുഗമമാക്കാനായി ഇടത്താവളങ്ങളിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്‌ടർ ബിനു ജോൺ പറഞ്ഞു. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, തിരുനക്കര ക്ഷേത്രം എന്നിവിടങ്ങളില്‍ ശുചീകരണ തൊഴിലാളികളെ പ്രത്യേകം നിയോഗിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യവുമുണ്ട്.

വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭ കുടിവെള്ളം, വൈദ്യുതി ലഭ്യത എന്നിവ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. വാട്ടര്‍ ഡിസ്പെന്‍സര്‍ ഇടത്താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ സംഘത്തിൻ്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. പാല നഗരസഭ പരിധിയിലെ പൊതു ശൗചാലയങ്ങള്‍ തീര്‍ഥാടകര്‍ക്ക് വേണ്ടി സജീകരിച്ചിരിക്കുന്നു. കുളിക്കടവ് വൃത്തിയാക്കി തീര്‍ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി.

കുടിവെള്ള ലഭ്യതയും ഉറപ്പാക്കി. എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചിലധികം കടവുകള്‍ വൃത്തിയാക്കുകയും അവിടെ സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്‌തു. കുളിക്കടവുകളില്‍ തീർഥാടകരുടെ സുരക്ഷയ്ക്കായി മുഴുവന്‍ സമയ ലൈഫ്‌ ഗാർഡുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കാനനപാതകളിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെളളവും വൈദ്യുതിയും മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി, ജല അതോറിറ്റി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കി. മാലിന്യശേഖരണത്തിനായി വാഹനങ്ങൾ ഏര്‍പ്പാടാക്കി. പൊടി ശല്യമുണ്ടാകാതിരിക്കാന്‍ വാഹനത്തിൽ വെള്ളം തളിക്കുന്നുണ്ട്. താത്കാലിക കടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വാതിൽപ്പടി ശേഖരണ സംവിധാനമുണ്ട്. തീർഥാടന പാതയോരങ്ങളിലെ മാലിന്യങ്ങള്‍ വിശുദ്ധി സേനയെ ഉപയാഗിച്ച് നീക്കം ചെയ്യുന്നുണ്ട്.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ ശബരിമല പാതകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. ആവശ്യമായ അറ്റകുറ്റപ്പണി നടത്തി. ഇടത്താവളമായ നാലു ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്‌തു. കുളിക്കടവുകള്‍ വൃത്തിയാക്കി. ഇവിടെ ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിച്ചു. ദിശ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്ന കിണര്‍ വൃത്തിയാക്കി. കുളിക്കടവുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തി. ഓരുങ്കല്‍ ഭാഗത്തെ കാട് വെട്ടി വൃത്തിയാക്കി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കടവുകളില്‍ ആറ് ഭഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു. ബസ് സ്റ്റാന്‍ഡിലും പെട്രോള്‍ പമ്പുകളിലും മാലിന്യ നിര്‍മ്മാര്‍ജന ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

മൂന്ന് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോരുത്തോട് ശബരിമല പാതകളിൽ ദിശ മുന്നറിയിപ്പ്, മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ശബരിമല പാതകളില്‍ അപകട വളവ്, ശുചിമുറി, ഇടത്താവളം എന്നിവ സംബന്ധിച്ച ദിശ ബോർഡുകൾ സ്ഥാപിച്ചു. ഇടത്താവളങ്ങളായ അമ്പലങ്ങളില്‍ കുടിവെള്ള സംവിധാനവും സോളാര്‍ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്ത് ശബരിമലപാതകളിൽ തെരുവ് വിളക്കുകളും അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചു. മുത്തോലി ഗ്രാമപഞ്ചായത്തിലെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ അമ്പലത്തില്‍ വിരിപ്പന്തല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നു. മൂന്നു മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ആറ്റുകടവില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

ABOUT THE AUTHOR

...view details