കോട്ടയം: ഓർത്തോഡക്‌സ് സഭയുടെ വലിയ ഇടയന് വിശ്വാസ സമൂഹം വിടചൊല്ലി. കോട്ടയം ദേവലോകം അരമന ചാപ്പലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതികശരീരം അടക്കം ചെയ്തത്. വൈകുന്നേരം അഞ്ചരയോടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.
ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിച്ച പൊതുദർശനത്തിന് ശേഷം പിതാക്കൻമാരുടെ നേതൃത്വത്തിൽ സംസ്ക്കാര ശൂശ്രൂഷ നടന്നു. അതിന് ശേഷം ബാവാമാരുടെ കബറിടത്തിന് അരികിലെത്തിച്ച ഭൗതിക ദേഹം പിതാക്കൻമാർ ശുശ്രൂഷകൾ പൂർത്തികരിച്ചശേഷം അടക്കം ചെയ്തു.
READ MORE: പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്‌തു
രാവിലെ അരമന ചാപ്പലിലെ കുർബാനക്ക് ശേഷം പൊതു ദർശനത്തിനു വച്ച ബാവയുടെ ഭൗതിക ശരീരം ദർശിക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും വിശ്വാസികളുo ഒഴുകിയെത്തി. മന്ത്രിമാരായ വീണ ജോർജ്, വി എൻ വാസവൻ, മുൻ മന്ത്രിമാരായ എ സി മൊയ്തിൻ, തിലോത്തമൻ, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഐ നേടാവ് പന്ന്യൻ രവീന്ദ്രൻ, പി സി ജോർജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.