ഡ്രൈവിങിൽ താരമായി ഓട്ടോ വ്ലോഗർ ആതിര മുരളി കോട്ടയം: വനിതകൾ കടന്നുവരാത്ത രംഗങ്ങൾ ഇന്ന് വിരളമാണ്, അല്ലെങ്കിൽ അങ്ങനെയൊന്നില്ലെന്ന് തന്നെ പറയാം. മനഃസാന്നിധ്യം കൊണ്ട് ജീവിതത്തിന്‍റെ എല്ലാ ശ്രേണികളിലും അവർ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാലും കൈവയ്‌ക്കാൻ മടിക്കുന്ന ഒന്നാണ് റേസിങ്. എന്നാൽ അവിടെയും നിറഞ്ഞ സാന്നിധ്യമാവുകയാണ് കോട്ടയം ളാക്കാട്ടൂർ സ്വദേശിനിയും എൻ മുരളി - ഉഷ മുരളി ദമ്പതികളുടെ മകളുമായ ആതിര മുരളി.
ഓട്ടോ വ്‌ലോഗ് രംഗത്തെ തന്‍റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ 29 കാരിയായ ആതിര ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ രണ്ടു വർഷത്തെ ലേഡീ ക്ലാസ് വിന്നറായ കേരളത്തിലെ ഏക വനിത കൂടിയാണ്. മോട്ടോർ സ്‌പോർട്‌സ് ഇവന്‍റുകളിലും ഓട്ടോ റിവ്യൂകളിലുമാണ് ആതിരയ്‌ക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ.
ഇൻസ്‌റ്റഗ്രാമിലും ഫേസ്‌ബുക്കിലും യൂട്യൂബിലുമെല്ലാമായി ആതിരയുടെ ഓട്ടോ റിവ്യൂവിന് നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇപ്പോൾ തന്നെയുണ്ട്. ഉപജീവനത്തിനും മറ്റുമായി വാഹനങ്ങൾ ഓടിക്കുന്ന വനിതകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ടെങ്കിലും മോട്ടോർ സ്‌പോർട്‌സ് രംഗത്ത് സജീവമായവർ കുറവാണ്. 18-ാം വയസിൽ ടൂവീലർ, ത്രീവിലർ, ഫോർ വീലർ ലൈസൻസുകൾ എടുത്ത ആതിര 20-ാം വയസിൽ ഗുഡ്‌സ് വെഹിക്കിൾ, ട്രാക്‌ടർ, എക്‌സകവേറ്റ്ർ തുടങ്ങി ഹെവി വെഹിക്കിൾ ലൈസൻസുകൾ സ്വന്തമാക്കി.
ഓഫ് റോഡ് റേസറും ഓട്ടോ ക്രോസ് കാർ റേസറും കൂടിയായ ആതിരയുടെ കൈകളിൽ ടൂവീലറിന്‍റെ ഹാന്‍റിൽ മുതൽ ടിപ്പറിന്‍റെയും എക്‌സകവേറ്റർ ടൂറിസ്‌റ്റ് ബസിന്‍റെയും സ്‌റ്റിയറിങുകൾ വരെ നിഷ്‌പ്രയാസം വഴങ്ങും. ഡ്രൈവിങ് രംഗത്ത് നിരവധി റെക്കോഡുകൾ കുറിച്ച ആതിര ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്‌സൽ റെക്കോഡ് ഫോറം പുരസ്‌കാരം എന്നിവയും നേടി.
മഹേന്ദ്ര ഓഫ് റോഡ് റേസ് വിന്നർ, ഓട്ടോ ക്രോസ് കാർ റേസർ എന്നിവയെല്ലാം ആതിരയുടെ നേട്ടങ്ങൾ തന്നെയാണ്. വാഹനങ്ങളുടെ ഫീച്ചേഴ്‌സ്, പുതിയ മോഡലുകൾ എന്നിവയെ പരിചയപ്പെടുത്തുന്ന ഓട്ടോ ജേർണലിസ്‌റ്റായാണ് ആതിരയെ കൂടുതൽ പേരും തിരിച്ചറിയുന്നത്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ഓഫ് റോഡ് റേസ്, ഓട്ടോ ക്രോസസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ആതിരയുടെ സ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം നൽകിയത്. 2019 മുതൽ റാലിയ്‌ക്ക് വേണ്ടി തുടങ്ങിയ പരിശീലനത്തിന് 2020 ൽ വിജയം കണ്ടു.
അച്ഛൻ മുരളിയുടെ മോട്ടോർ സൈക്കിളിൽ തുടങ്ങിയ ഡ്രൈവിങ് പരിശീലനം പിന്നീട് ജീപ്പ്, കാർ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെ സ്‌റ്റിയറിങ്ങിലേയ്‌ക്കും ആതിരയുടെ കൈകൾ എത്തിച്ചു. ബിസിഎ പഠിച്ച ശേഷം ഓട്ടോ മൊബൈൽ രംഗത്തോടുള്ള താത്‌പര്യം കൊണ്ട് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയുമെടുത്ത് നിലവിൽ ഓട്ടോ വ്‌ലോഗർ ആയി അറിയപ്പെടുന്ന ആതിര, എല്ലാ വനിതകളും ഡ്രൈവിങ് പഠിച്ചിരിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യ മുഴുവൻ ചുറ്റികാണുകയും വ്യത്യസ്‌തമായ സംസ്‌കാരങ്ങൾ അടുത്തറിയുകയുമാണ് ആതിരയുടെ ഇപ്പോഴത്തെ ലക്ഷ്യം.