കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ 72.13 ശതമാനം പോളിംഗ്. ഒടുവിൽ ലഭ്യമായ കണക്കുകള്‍ പ്രകാരം ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149496 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 586193 പുരുഷന്‍മാരും 563298 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട അഞ്ചു പേരും ഉള്‍പ്പെടുന്നു. വൈക്കം മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 75.51 ശതമാനം പേര്‍ വോട്ടുചെയ്തു. 68.02 ശതമാനം പേര്‍ വോട്ടുചെയ്ത കടുത്തുരുത്തി മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ പിന്നില്‍. പുരുഷന്‍മാരില്‍ 75.33 ശതമാനവും സ്ത്രീകളില്‍ 69.07 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരില്‍ 50 ശതമാനവും വോട്ടുചെയ്തു.
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും ഹരിത പെരുമാറ്റച്ചട്ടവും പാലിച്ചായിരുന്നു പോളിങ്. പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 1092 ബൂത്തുകളില്‍ വെബ് കാസ്റ്റിങും 23 ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് സൗകര്യത്തോടെ സിസിടിവിയും സജ്ജീകരിച്ചിരുന്നു. 45 മാതൃക ബൂത്തുകളും വനിതകള്‍ നിയന്ത്രിക്കുന്ന ഒന്‍പതുബൂത്തുകളും ജില്ലയില്‍ ഉണ്ടായിരുന്നു. വോട്ടിങ്ങിന്‍റെ തുടക്കത്തില്‍ മിക്കയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. നാലിടങ്ങളില്‍ യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങാന്‍ വൈകി. അതേ സമയം വോട്ടുചെയ്യാനെത്തിയ കോട്ടയം നട്ടാശേരി സ്വദേശി 74 വയസുള്ള അന്നമ്മ ദേവസ്യ കുഴഞ്ഞുവീണ് മരിച്ചു. ചവിട്ടുവരി സെന്‍റ് മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം.
കോട്ടയത്ത് 72.13 ശതമാനം പോളിങ്
ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149496 പേരാണ് വോട്ട് ചെയ്തത്. 75.51 ശതമാനം പേര്‍ വോട്ട് ചെയ്‌ത വൈക്കം മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്. 68.02 ശതമാനം പേര്‍ വോട്ട് ചെയ്ത കടുത്തുരുത്തി മണ്ഡലമാണ് പോളിംഗ് ശതമാനത്തില്‍ പിന്നില്‍.
പാലായില്‍ പല ബൂത്തുകളിലും വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രത്തിലെ പേരും ചിഹ്നവും കാണാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി യുഡിഎഫ് പരാതി നല്‍കി. ഉച്ചയ്ക്ക് ശേഷം പെയ്ത മഴ ജില്ലയുടെ വിവിധ മേഖലകളില്‍ വോട്ടിങ്ങിനെ സാരമായി ബാധിച്ചു. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ശക്‌തമായ മഴ പെയ്തത്. കാറ്റിലും മഴയിലും നിരവധി ബൂത്തുകളില്‍ വൈദ്യുതി തടസപ്പെട്ടു. പാലാ സെന്‍റ് തോമസ് സ്‌കൂളിലെ ഒരു ബൂത്തില്‍ വൈകുന്നേരത്തോടെ വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവച്ചെങ്കിലും തകരാര്‍ പരിഹരിച്ച് പോളിങ് തുടര്‍ന്നു.