കോട്ടയം:കടന്നുപോയ രണ്ടുവർഷം തേനീച്ച കർഷകർക്ക് അത്ര മധുരമുള്ളതായിരുന്നില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് തേൻ ഉത്പാദനം വൻതോതിൽ കുറഞ്ഞതോടെ ജില്ലയിലെ ആയിരക്കണക്കിന് തേനീച്ച കർഷകരാണ് പ്രതിസന്ധിയിലായത്. കാലംതെറ്റി എത്തിയ വേനൽ മഴയാണ് ഉത്പാദനം ഗണ്യമായി കുറച്ചത്.
ഹോർട്ടികോർപ്പ്, റബർ ബോർഡ്, ഖാദി ബോർഡ് എന്നിവരുടെ പ്രോത്സാഹനം ഏറിയതോടെയാണ് തേനീച്ച കൃഷി വ്യാപകമായത്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം തേനീച്ച കൃഷി ഉഷാറാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് സാധാരണ വിളവെടുപ്പുകാലം.
തേനീച്ച കര്‍ഷകര്‍ പ്രതിസന്ധിയില്‍ എന്നാൽ, ഈ സമയത്ത് വേനൽമഴ പെയ്‌തതോടെ പൂവും പൂമ്പൊടിയും ഇല്ലാതായി. ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഒരു തേനീച്ച പെട്ടിയ്ക്കുള്ളിൽ നിന്ന് ശരാശരി 10 മുതല്‍ 12 കിലോ വരെ തേനാണ് കിട്ടാറുള്ളത്. ഇക്കുറി 3 മുതൽ 5വരെ ആണ് തേന്‍ കിട്ടിയതെന്ന് പാല പോണാട് തേനീച്ച കർഷകനായ മാമച്ചൻ പറഞ്ഞു.
ചില പെട്ടികളിൽ നിന്ന് കഷ്‌ടിച്ച് രണ്ടുകിലോ തേൻമാത്രമാണ് കിട്ടിയത്. പൂവും പൂമ്പൊടിയും ഇല്ലാത്തതിനാൽ കർഷകർ പഞ്ചസാര ലായനിയാണ് തീറ്റയായി നൽകിയത്. ഒരുമാസം മൂന്ന് പ്രാവശ്യം ഇത്തരത്തിൽ തീറ്റ നൽകണം.
വർഷകാല സംഭരണത്തിനായി ഒരു കൂട്ടിലേക്ക് ഒന്നര കിലോയോളം പഞ്ചസാര വേണം. പഞ്ചസാരയുടെ വിലവർധന, തൊഴിലാളികളുടെ കൂലി, അധ്വാനം എല്ലാം കഴിഞ്ഞാൽ കാര്യമായ മെച്ചം കിട്ടുന്നില്ലെന്നാണ് ഈ മേഖലയിലെ കര്‍ഷകര്‍ പറയുന്നത്. പ്രാദേശിക വിപണികളിൽ തേൻ വിൽക്കുമ്പോൾ ഒരു കിലോയ്ക്ക് 260 രൂപ വരെ മാത്രമാണ് കൃഷിക്കാർക്ക് കിട്ടുന്നത്. ഇത് 300-350 രൂപയ്ക്കാണ് കച്ചവടക്കാർ വിൽക്കുന്നത്.
വിപണി കണ്ടെത്താൻ തന്നെ പ്രയാസം. ചെറുകിട തേനീച്ച കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി വിപണിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞതും വ്യാജമായി നിർമിച്ചതുമായ തേൻ വിപണികളിൽ ലഭ്യമാണ്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ ശേഖരിക്കാൻ ഹോർട്ടികോർപ്പിനോ, ഖാദി ബോർഡിനോ കേന്ദ്രങ്ങളില്ല. തിരുവല്ലയിലുള്ള ഹോർട്ടികോർപ്പിന്‍റെ കേന്ദ്രത്തിലാണ് നിലവിൽ തേൻ സംഭരിക്കുന്നത്. ഇവിടെ തേൻ പരിശോധിച്ച് ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്. വൻതേനിന്‍റെയും ചെറുതേനിന്‍റെയും ഉത്പാദനം ഇവിടെ നടത്തുന്നുണ്ട്.