കോട്ടയം:ബഫർസോൺ വിഷയത്തിൽ സർക്കാറിന്‍റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് കർഷകരാണ് കുടിയിറക്കപ്പെടുവാൻ പോകുന്നതെന്ന് കേരള കോൺഗ്രസ്(ജേക്കബ്) നേതാവ് അനൂപ് ജേക്കബ് ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സർക്കാർ സ്വീകരിച്ച അതേ അലംഭാവമാണ് കർഷകരോടും കാണിക്കുന്നത്. ഒരു കാര്യത്തിലും സർക്കാറിന് വ്യക്തത ഇല്ല.
കർഷകരെ സർക്കാർ സമരത്തിലേക്ക് തള്ളിവിടുകയാണ്. കേരള കോൺഗ്രസ്(ജേക്കബ്) കോട്ടയം ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്. റബ്ബറിന്‍റെ തറ വില 300 രൂപയാക്കി വർധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റി സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.