കോട്ടയം :77ാം വയസില്‍ എന്ത് പഠിക്കാം, എന്ന് ചോദിച്ചാല്‍ അമ്മിണിയമ്മ പറയും ഫാഷൻ ഡിസൈനിങ്ങെന്ന്. നെറ്റി ചുളിക്കേണ്ട. യൂണിഫോമിട്ട് ചെറുമക്കളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം ഫാഷൻ ഡിസൈനിങ് പഠിക്കുമ്പോൾ ഒരിക്കല്‍ മനസില്‍ കയറിക്കൂടിയ ആഗ്രഹം സാധ്യമാക്കുകയാണ് കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ അമ്മിണിയമ്മ
കോട്ടയം ജില്ല എംപ്ലോയ്മെന്‍റ് ഓഫിസറായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഫാഷൻ ഡിസൈനിങ് പഠിക്കാൻ തീരുമാനിച്ചത്. കോഴ്‌സിന് പ്രായ പരിധിയില്ലെന്നത് കൊണ്ട് കോട്ടയം വെള്ളൂർ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ ഫാഷൻ ഡിസൈസിങ് ആൻഡ് ഗാർമന്‍റ്സ് ടെക്നോളജിക്ക് അഡ്‌മിഷൻ കിട്ടി. കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈനായിട്ടായിരുന്നു ആദ്യവർഷത്തെ പഠനം. സഹപാഠികൾ പേരക്കുട്ടികളുടെ പ്രായമുള്ളവരാണെങ്കിലും അമ്മിണിയമ്മ അവരോട് സംശയങ്ങൾ ചോദിക്കും. ശരിയായ ഉത്തരം കിട്ടിയില്ലെങ്കില്‍ അധ്യാപകരെ സമീപിക്കും.