കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇതുപ്രകാരം അന്വേഷണത്തിന്‍റെ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് നൽകും. വിദ്യാര്‍ഥികളും മാനേജ്‌മെന്‍റുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തീരുമാനങ്ങള്‍ ഇങ്ങനെ: കോട്ടയം എസ്‌പി കെ.കാർത്തിക്കിന്‍റെ വിശദമായിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ചീഫ് ഹോസ്‌റ്റൽ സിസ്‌റ്റർ മായയെ മാറ്റും. ആരോപണവിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും എന്നാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ കോളേജിലെ സ്‌റ്റുഡന്‍സ് കൗൺസിൽ ശക്തിപെടുത്താനും കൗൺസിലിങ് സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും ആലോചിക്കും. കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് വിദ്യാർഥി പ്രതിനിധികളും മന്ത്രിമാരുമായുള്ള ചർച്ചയെ തുടർന്നാണ് ഈ തീരുമാനം.
അതേസമയം ആവശ്യങ്ങൾ അംഗീകരിച്ചില്ല എന്നതിനാല്‍ വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്‌തരല്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് അവര്‍ അറിയിച്ചു. സമരം തത്‌കാലം നിർത്തിവയ്‌ക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ഇതിനിടെ ബുധനാഴ്‌ച സർവകലാശാല അധികൃതർ കോളജിൽ ഹിയറിങ് നടത്തിയിരുന്നു. ഇതില്‍ കോളജിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചിട്ടുള്ളത്. ഹോസ്‌റ്റൽ വാർഡനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച വിദ്യാര്‍ഥികള്‍, പ്രിൻസിപ്പാളിനും മാനേജർക്കുമെതിരെയും ഹിയറിങിൽ പരാതി ഉന്നയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവനുമായിട്ടാണ് വിദ്യാർഥികൾ ചർച്ച നടത്തിയത്. കാഞ്ഞിരപ്പള്ളി ഗസ്‌റ്റ് ഹൗസിലാണ് ചർച്ച നടന്നത്. അമൽജ്യോതി എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാനേജ്മെന്‍റിനെതിരെ പ്രക്ഷോഭവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.