കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്സ്റ്റൈൽസിൽ വീണ്ടും സമരം പ്രഖ്യാപിച്ചു എഐടിയുസി. സംഘടനയിലെ അംഗങ്ങളായ വനിതാ തൊഴിലാളികളെ അനധികൃതമായി സ്ഥലംമാറ്റി നടപടിക്കെതിരെയാണ് പ്രതിഷേധം.
പ്രശ്നത്തിൽ സർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് എഐടിയുസി ഉന്നയിക്കുന്നത്. ഇതോടെ എഐടിയുസിയും സിഐടിയും തമ്മിലുള്ള പോര് അതി രൂക്ഷമാകുകയാണ്.
ഏറ്റുമാനൂർ വേദഗിരിയിൽ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്‌സ്റ്റൈല്‍സ് ദീർഘ കാലം അടച്ചിട്ടതിന് ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും തുറന്നത്. എന്നാൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന് കീഴിൽ എവിടെയും ഇല്ലാത്ത നിലയിൽ രാത്രി ജോലിക്ക് വനിതാ തൊഴിലാളികളെ നിർബന്ധിക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും തര്‍ക്കം ആരംഭിച്ചത്.
രാത്രി ജോലിയെ എതിർത്ത 26 തൊഴിലാളികളിൽ 17 പേരെ കാസർകോട്ടേക്ക് സ്ഥലംമാറ്റി. രണ്ടു പേരെ സസ്പെൻഡ് ചെയ്തു. ഇതിനെതിരെയാണ് സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ സമരപ്രഖ്യാപനം.