കോട്ടയം : തന്‍റെ മക്കൾ നിരപരാധികളാണെന്ന് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി.എസ് അബ്‌ദുൽകരീം. കോടതി വിധി ദൗർഭാഗ്യകരമാണെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും കോട്ടയത്ത് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിൽ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ സ്ഫോടനം നടക്കുമ്പോൾ ശിബിലിയും ശാദുലിയും ഇൻഡോർ ജയിലിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായിരുന്നു. ഈ സമയത്ത് മക്കളുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.