കോട്ടയം: മണിപ്പാലിൽ മലയാളി മെഡിക്കൽ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം (Kottayam) സ്വദേശിയായ എ ആർ സൂര്യനാരായണനാണ് (26) മരിച്ചത്. മണിപ്പാൽ കസ്‌തൂർബ മെഡിക്കൽ കോളജിലെ എം എസ് വിദ്യാർഥിയായിരുന്നു സൂര്യനാരായണൻ.
ഇന്ന് പുലർച്ചെ 12.30ഓടെ കസ്‌തൂർബ മെഡിക്കൽ കോളജിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം. ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്‌ടറും സി ഇ ഒയുമായ കോട്ടയം ആർപ്പൂക്കര ഏറത്ത് (അദ്വൈതം) വീട്ടിൽ എ എസ് രാജീവിന്‍റെ മകനാണ് മരിച്ച സൂര്യനാരായണൻ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.
കാസർകോട് സഹോദരങ്ങൾ മുങ്ങി മരിച്ചു:കാസർകോട് (Kasargod) മൊഗ്രാലിൽ സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ(17), നവാസ് (21) എന്നിവരാണ് മരിച്ചത്. പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ഇന്നലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സഹോദരങ്ങൾ.
ശേഷം നാസിൽ കുളിക്കാനെന്ന് പറഞ്ഞ് പള്ളിക്കുളത്തിലേക്ക് പോയതിന് പിന്നാലെ നവാസും കുളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ നാസിൽ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി നവാസ് കുളത്തിലേക്ക് ചാടി. കുളത്തിൽ വെള്ളം കുറവായിരുന്നതിനാൽ ചെളിയിൽ പൂണ്ടാണ് രണ്ടുപേരും മരണക്കയത്തിലേക്ക് നീങ്ങിയത്.
സംഭവ സമയത്ത് ഇവർക്കൊപ്പം ബന്ധുക്കളായ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളുടെ ബഹളം കണ്ട് തൊട്ടടുത്ത് റെയിൽ പാളത്തിലൂടെ നടന്നുപോവുകയായിരുന്ന മറ്റ് കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടൻ തന്നെ ഓടിക്കൂടിയവർ കുളത്തിൽ നിന്ന് ഇരുവരെയും പുറത്തെടുത്ത് കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് കടമ്പാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഡിഗ്രി വിദ്യാർഥിയാണ് നവാസ്. നാസിൽ എസ്‌എസ്‌എൽസി വിദ്യാർഥിയാണ്. റഫീഖ്-നഫീസ ദമ്പതികളുടെ മക്കളാണ് മരിച്ചത്.