കോട്ടയത്ത് 86 പേർക്ക് കൂടി കൊവിഡ് - കോട്ടയം കൊവിഡ് അപ്‌ഡേറ്റ്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനുൾപ്പെടെ 85 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 66 പേർക്ക് രോഗമുക്തി.
കോട്ടയം: ജില്ലയിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനുൾപ്പെടെ 85 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ 23 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. മുൻസിപ്പാലിറ്റിയിലെ താഴത്തങ്ങാടി, തിരുവാതുക്കൽ, എസ്,എച്ച് മൗണ്ട് മേഖലകളിലാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത്. രോഗബാധിതരിൽ കുട്ടികളും ഉൾപ്പെടുന്നു. ആർപ്പുക്കര ഗ്രാമപഞ്ചായത്തിൽ ആറ് പേർക്കും, തിരുവാർപ്പ് മാടപ്പള്ളി ഏറ്റുമാനൂർ പഞ്ചായത്തുകളിൽ നാലുപേർക്ക് വീതവും രോഗം ബാധിച്ചു. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ഉദയനാപുരം പഞ്ചായത്തുകളിൽ മൂന്ന് പേർക്ക് വീതവും രോഗ ബാധയുണ്ട്. ഡൽഹിയിൽ നിന്നെത്തിയ പള്ളിക്കത്തോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഇതര ജില്ലകളിൽ നിന്നുള്ള മൂന്ന് പേരും രോഗബാധിതരുടെ പട്ടികയിൽ പെടുന്നു. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,072 ആയി. 1,636 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 86 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. 66 പേർ രോഗമുക്തി നേടി. കോട്ടയം മുൻസിപ്പാലിറ്റി മേഖലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം നഗരത്തിലടക്കം കടുത്ത നിയന്ത്രണത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികളെടുക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്‌തിട്ടുണ്ട്.