കോട്ടയം: പോളിങ് ശതമാനത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ അടിയൊഴുക്കുകളില്‍ ആശങ്കപ്പെട്ട് മുന്നണികള്‍. ജില്ലയില്‍ 72.16 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ 76.90 ശതമാനമായിരുന്നു. ഏറ്റവും കൂടുതല്‍ പോള്‍ ചെയ്തിരിക്കുന്നത് വൈക്കത്താണ് 75.61%. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് കടുത്തുരുത്തിയിലുമാണ് (68. 05%).
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം (ബ്രാക്കറ്റിൽ 2016ലെ ശതമാനം)
വൈക്കം - 75.61(80.75)
കടുത്തുരുത്തി - 68.05 (69.39)
പുതുപ്പള്ളി - 73.18 (77.14)
പാലാ - 72.56 (77.25)
ഏറ്റുമാനൂര്‍ - 72. 99 ( 79.69)
കോട്ടയം - 72.57 ( 78.07)
ചങ്ങനാശേരി - 70.30 (75.25)
കാഞ്ഞിരപ്പള്ളി - 72.13 (76.01)
പൂഞ്ഞാര്‍ - 72.47 (79.15 )
കടുത്ത മത്സരം നടക്കുന്ന പാലായിലും പൂഞ്ഞാറിലും മുന്‍വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളില്‍ ചങ്കിടിപ്പ് വര്‍ധിപ്പിക്കും. കേരള കോണ്‍ഗ്രസുകള്‍ പരസ്‌പരം മത്സരിക്കുന്ന കടുത്തുരുത്തിയിലും, ചങ്ങനാശേരിയും പോളിങ് കുറഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റം അടക്കം ചര്‍ച്ചയായ മധ്യകേരളത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനത്തിലുണ്ടായ കുറവില്‍ ആശങ്കയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
ജോസ് കെ മാണിയുടെ സഹായത്തോടെ ജില്ലയില്‍ ആധിപത്യം ഉറപ്പിക്കാം എന്ന ആത്മവിശ്വാസമാണ് ഇടതുപക്ഷത്തിന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. 9 മണ്ഡലത്തില്‍ എട്ടിടത്തും വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ്, യുഡിഎഫ് ക്യാമ്പുകള്‍ അവകാശപ്പെടുന്നത്. മൂന്നുസീറ്റില്‍ വിജയം ലഭിക്കുമെന്ന് പറയുന്ന ബിജെപി കാഞ്ഞിരപ്പള്ളി സീറ്റില്‍ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുന്നത്. വൈക്കം സീറ്റിലെ വിജയമാണ് യുഡിഎഫിന് സംശയം. പുതുപ്പള്ളി സീറ്റിലാണ് എല്‍ഡിഎഫിന് സംശയം. അതേസമയം മുന്‍ വര്‍ഷത്തെക്കാള്‍ പുതുപ്പള്ളിയില്‍ പോളിങ് കുറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് ഉണ്ടാക്കും. അതേസമയം നാലു സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും വിജയിക്കുമെന്നും പൂഞ്ഞാറില്‍ പിസി ജോര്‍ജ് മേല്‍കൈ നേടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ ഉണ്ടായ യുഡിഎഫ് അനുകൂലതരംഗം ഈ കണക്കുകളില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാം.
കേരള കോണ്‍ഗ്രസ് മത്സരിച്ച ഇടങ്ങളിലെല്ലാം ജോസ് വിരുദ്ധ വികാരം ഉണ്ടായെന്ന് വിലയിരുത്തലിലാണ് യുഡിഎഫ്. പാലാ അടക്കം മത്സരിച്ച 12 സീറ്റിലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. പാലായില്‍ ജോസ് കെ മാണി മത്സരിച്ച് ജയിച്ചാല്‍ മന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പിജെ ജോസഫ് വിഭാഗം 10 സീറ്റിലാണ് മത്സരിച്ചത്. മത്സരിച്ച 10 സീറ്റിലും ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് പിജെ ജോസഫും. തൂക്കുമന്ത്രിസഭയുടെ സാധ്യത അവകാശപ്പെടുന്ന പിസി ജോര്‍ജ് പൂഞ്ഞാറില്‍ വിജയം ഉറപ്പാണെന്നും അടിവരയിടുന്നു.