കോട്ടയം : അക്ഷരനഗരിയുടെ മുഖമുദ്രയായി പ്രശോഭിക്കുന്ന ഗാന്ധി പ്രതിമയ്ക്ക് 50 വയസ്. നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് 1971 ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ഇത് സ്ഥാപിച്ചത്.
കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക കൂട്ടായ്‌മകൾക്കും പ്രതിഷേധങ്ങൾക്കും ഗാന്ധി പ്രതിമ നിലകൊള്ളുന്ന സ്ക്വയർ സാക്ഷിയാണ്. ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കര മൈതാനത്തിന്‍റെ മുൻവശത്ത് നാല് വീഥികൾ ചേരുന്ന ഭാഗത്താണ് ഇത് തലയെടുപ്പോടെ നിലകൊള്ളുന്നത്.
കോട്ടയം-കുമളി റോഡിന് അഭിമുഖമായി, ഒരു കൈയ്യിൽ മുളവടിവും മറുകൈയ്യിൽ ഭഗവദ്ഗീതയും പിടിച്ച് ദണ്ഡി യാത്രയെ അനുസ്‌മരിപ്പിക്കുന്നതാണ് പ്രതിമ. ഏഴേകാൽ അടിയാണ് വെങ്കലം കൊണ്ട് തീർത്ത പ്രതിമയുടെ ഉയരം.
മുബൈയിലെ ഒരു കമ്പനിയാണ് പ്രതിമ നിർമിച്ചത്. ലൈബ്രറി ജങ്‌ഷൻ എന്നറിയപ്പെട്ടിരുന്ന ഇവിടം പ്രതിമ വന്നതോടെ ഗാന്ധി സ്ക്വയറായി. ഗാന്ധിയൻ കെ. കേളപ്പനെയാണ് ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഉപരാഷ്ട്രപതി ജി.എസ് പാഠക്കാണ് പ്രതിമ അനാവരണം ചെയ്തത്.
അന്നത്തെ നഗരസഭാധ്യക്ഷൻ എൻ.കെ പൊതുവാൾ, വൈസ് ചെയർമാൻ കെ.എം വർഗീസ് എന്നിവർ നേതൃത്വം നൽകി. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് തുറന്നുകൊടുത്ത തിരുവാർപ്പ്, കുമാരനല്ലൂർ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ 1937 ൽ ഗാന്ധി കോട്ടയത്ത് എത്തിയപ്പോൾ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയ തിരുനക്കര മൈതാനത്തിന് തൊട്ടുമുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.