കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ യുവതിയും യുവാവും പിടിയിലായത് 47 ഗ്രാം എംഡിഎംഎയുമായി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സുഹൃത്തിനൊപ്പം പോയത് എംഡിഎംഎ കച്ചവടം ലക്ഷ്യമിട്ടാണ് എന്ന് പൊലീസ് പറഞ്ഞു (MDMA caught in Kottayam). തൃക്കൊടിത്താനം സ്വദേശി അശ്വതി, ഇവരുടെ സുഹൃത്ത് പുതുപ്പള്ളി സ്വദേശി ജെബി എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് പോയത്. തുടർന്ന് ലഹരി മരുന്നുമായി തിരികെ വരാനായിരുന്നു പദ്ധതി. എന്നാൽ, മുൻപ് കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ജെബി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്, ഇന്ന് പുലർച്ചെ കോട്ടയം ഏറ്റുമാനൂർ കാരിത്താസിൽ അന്തർ സംസ്ഥാന ബസിൽ വന്നിറങ്ങിയ ഇരുവരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
കോട്ടയം ഡി വൈ എസ് പി കെ.ജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ പ്രസാദ് എബ്രഹാം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെബിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പോയിന്‍റ് അഞ്ച് ഗ്രാമിൽ കൂടുതൽ എം ഡി എം എ കൈവശം വയ്ക്കുന്നത് കൊമേഷ്യൽ ക്വാണ്ടിറ്റിയായി കണക്കിലെടുത്ത് പത്ത് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.