കൊല്ലം :കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കോക്കാട് മനുവിലാസത്തില്‍ മനോജ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഘർഷം ഉണ്ടായത്. യൂത്ത് ഫ്രണ്ട് ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്‍റ് ആണ് കൊല്ലപ്പെട്ട മനോജ്.
കൈകളിലെ വിരലുകള്‍ വെട്ടി മാറ്റിയ നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജ് റോഡില്‍ കിടന്നിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വെട്ടേറ്റ നിലയില്‍ കോക്കാട് റോഡില്‍ കിടക്കുകയായിരുന്ന മനോജിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉത്സവത്തിനിടെയുള്ള സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു; രാഷ്‌ട്രീയ കൊലപാതകമെന്ന് ആരോപണം അതേസമയം കോക്കാട് കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നെന്നും മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവർത്തകരാണെന്നും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ആരോപിച്ചു. മരിക്കുന്നതിന് മുൻപ് പ്രതികളെപ്പറ്റിയുള്ള കൃത്യമായ വിവരം മനോജ് ജ്യേഷ്‌ഠനോട് പറഞ്ഞിരുന്നു. പൊലീസ് കാര്യക്ഷമമായി ഇടപെട്ട് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാൽ ഗണേഷ് കുമാറിന്‍റെ ആരോപണം തള്ളിയ കോണ്‍ഗ്രസ് കൊലപാതകവുമായി പാര്‍ട്ടിക്കോ, യു.ഡി.എഫിനോ ബന്ധമില്ലെന്ന് വ്യക്തമാക്കി. അതേസമയം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായും ഇവർ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.