യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം; പോര്‍മുഖം തുറന്ന് നേതാക്കള്‍ കൊല്ലം:യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം സംസ്ഥാന തലത്തിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് കൊല്ലത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ അരുൺ ബാബുവിന്‍റെ ആരോപണം. അതേസമയം ആകാശ് തില്ലങ്കേരിയടക്കമുള്ള ഗുണ്ടാസംഘങ്ങളുടെ സഹായം തേടുന്നത് ഡിവൈഎഫ്ഐയുടെ ശീലമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു.
പരസ്‌പരം പഴിചാരി: വ്യവസായ മന്ത്രി പി.രാജീവിന്‍റെ കൊല്ലത്തെ പരിപാടിക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം ശക്തമാക്കുകയാണ്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഫൈസൽ കുളപ്പാടവും വിഷ്‌ണു സുനിൽ പന്തളവും ചേർന്നാണ് അക്രമമുണ്ടാക്കിയതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. മാത്രമല്ല ഒരു പടികൂടി കടന്ന് ഇരുവരും ഗുണ്ടാനേതാക്കളാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
എന്നാൽ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനൊരുങ്ങിയ പൊലീസുകാരെ സർക്കാർ സ്ഥലം മാറ്റുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. പാർട്ടി പറഞ്ഞിട്ടാണ് ശുഹൈബിനെ കൊന്നതെന്ന് പറഞ്ഞ ആകാശ് തില്ലങ്കേരിയെ സ്വൈര്യമായി നടക്കാൻ അനുവദിച്ചത് ഇടതുപക്ഷ സർക്കാരാണെന്നും ഷാഫിപറമ്പിൽ എംഎൽഎ പരിഹസിച്ചു. യുവജന സംഘടനകൾ തമ്മിലുള്ള കൊല്ലം ജില്ലയിലെ സംഘർഷം സംസ്ഥാന നേതാക്കൾ ഏറ്റെടുത്തതോടെ വരുംദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ തുടരാനാണ് സാധ്യത.
തില്ലങ്കേരി തുടങ്ങിയ 'സ്‌ഫോടനം':അതേസമയം അടുത്തിടെയാണ് സിപിഎമ്മിനെ തന്നെ ഞെട്ടിച്ചുകൊണ്ട് നിർണായക വെളിപ്പെടുത്തലുമായി ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി രംഗത്തെത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്താന്‍ ആഹ്വാനം ചെയ്‌തവർക്ക് ജോലി കിട്ടിയെന്നും നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണുണ്ടായതെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്‍റിലൂടെയാണ് വെളിപ്പെടുത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചതെന്നും തങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നും ആകാശ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷിന്‍റെ എഫ്‌ബി പോസ്‌റ്റിന് കമന്‍റായാണ് വ്യക്തമാക്കിയത്. പാർട്ടി തള്ളിയതോടെയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ലെന്നും പറഞ്ഞ ആകാശ് തില്ലങ്കേരി, ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശിന്‍റെ സ്‌ഫോടനാത്മകമായ വാക്കുകള്‍ വാര്‍ത്താമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്‌റ്റ് നീക്കം ചെയ്‌തിരുന്നു. കൂടാതെ മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് ആകാശിനെതിരെ ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി സിപിഎമ്മിന് പരാതിയും നല്‍കിയിരുന്നു.
തള്ളിപ്പറഞ്ഞ് പാര്‍ട്ടി:അതേസമയം ആകാശിന്‍റെ വെളിപ്പെടുത്തലില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും പാര്‍ട്ടി ഒരു അന്വേഷണത്തേയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് നേതാവാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്‌തതെന്ന് ആകാശ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ രൂപപെട്ട വിവാദത്തിന് സിപിഎം തന്നെ നേരിട്ടെത്തി മറുപടിയും നല്‍കിയിരുന്നു. തില്ലങ്കേരിയില്‍ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്‌ത രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സംസ്ഥാന സമിതിയംഗം പി.ജയരാജനാണ് ആകാശ് തില്ലങ്കേരിക്കും സംഘത്തിനും എതിരെ ആഞ്ഞടിച്ചത്. പാർട്ടിയുടെ മുഖം ആകാശല്ലെന്നും അംഗങ്ങളും നേതൃത്വവുമാണ് സിപിഎമ്മിന്‍റെ മുഖമെന്നും പി.ജയരാജൻ യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.