കൊല്ലം : അഞ്ചൽ ഇടമുളക്കൽ തുമ്പി കുന്നിൽ ഒന്നിച്ച് താമസിച്ച് വന്ന യുവതിയേയും യുവാവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി മരിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പൊലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ യുവതി മരിച്ചു - ആതിര
അഞ്ചൽ ഇടമുളക്കൽ തുമ്പി കുന്നിൽ ഷാൻ മൻസിലിൽ ആതിരയാണ് (28) മരിച്ചത്
അഞ്ചൽ ഇടമുളക്കൽ തുമ്പി കുന്നിൽ ഷാൻ മൻസിലിൽ ആതിരയാണ് (28) മരിച്ചത്. വഴക്കിനെത്തുടർന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചൽ പൊലീസ് പറഞ്ഞു. മരണപ്പെട്ട ആതിരയുടെ വെളിപെടുത്തലിനെ തുടർന്ന് ഷാനവാസിനെതിരെ കേസെടുത്തു.
നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇവർക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.
അദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ഒന്നിച്ചു താമസിച്ചിരുന്ന ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അഞ്ചൽ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.