കൊല്ലം: ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കേക്ക്. വൈനും കേക്കുമില്ലാത്ത ക്രിസ്മസ് ആഘോഷത്തെപ്പറ്റി ചിന്തിക്കാനാവില്ല. ക്രിസ്മസ് വിപണിയിൽ കൊതിപ്പിക്കുന്ന കേക്കുകളുടെ മായാവസന്തമാണ്. നൂറുവർഷം മുൻപാണ് സായിപ്പ്, തലശ്ശേരിയിലെ ഒരു ബേക്കറിയിൽ കേക്കുമായെത്തി ഇതുപോലൊരെണ്ണം നിർമിച്ചു നൽകാമോയെന്ന് അന്വേഷിച്ചത്. രുചിയിലും കാഴ്ചയിലും സായിപ്പ് നൽകിയ അതേ കേക്ക് കടയുടമ നിർമിച്ചുനൽകിയെന്നാണ് ചരിത്രം.
പുതുപ്രതീക്ഷകൾ ഉണർത്തി ക്രിസ്മസ് കേക്ക് വിപണി
ക്രിസ്മസ് കേക്കുകൾക്ക് ആവശ്യക്കാർ ഏറെ
കേരളത്തിൽ കേക്കുകളുടെ തലസ്ഥാനമാണ് തലശ്ശേരി. കേക്കിൽ സർവകാല പ്രതാപിയായ പ്ലം കേക്ക് തന്നെയാണ് മുന്നിൽ. പ്ലം കേക്ക് 800 ഗ്രാമിന് 260 രൂപ മുതൽ ലഭ്യമാണ്. റിച്ച് പ്ലം കേക്കുകൾക്ക് 400 രൂപ മുതൽ മുകളിലേക്കാണ് വില. മാർബിൾ കേക്ക് 800 ഗ്രാമിന് 260 രൂപയും കാരറ്റ് കേക്കുകളും വിപണിയിലെ മുഖ്യ ആകർഷണമാണ്. കാരറ്റ് കേക്കിന് 700 ഗ്രാമിന് 300 രൂപയാണു വില. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് തുടങ്ങിയ ഫ്രഷ് ക്രീം കേക്കുകൾക്കും ഇത്തവണയും ആവശ്യക്കാർ ഏറെയാണെന്നു ബേക്കറി ഉടമകൾ പറയുന്നു.
ഫ്രഷ് ക്രീം കേക്കുകൾക്കു ശരാശരി 550 രൂപയാണ് വില. ഐസിങ് കേക്കുകൾക്കു 350 രൂപ മുതൽ മുകളിലേക്കും. ബട്ടർ സ്കോച്ച്, ബ്ലൂബെറി, വാൾനട്ട്, ചോക്ലേറ്റ്, വനില, പൈനാപ്പിൾ തുടങ്ങിയ വ്യത്യസ്ത രുചിക്കൂട്ടുകളുള്ള കേക്കുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരമേകാൻ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു. ക്രിസ്മസ് കഴിഞ്ഞാലും പുതുവത്സരാഘോഷം വരെ കേക്ക് വിപണി ഉഷാറായി നിൽക്കുമെന്നാണ് കൊല്ലം പള്ളിമുക്കിലെ കേക്ക് ആൻഡ് കേക്ക് ബേക്കറി പ്രതിനിധികൾ പറയുന്നത്. ബ്രാൻഡഡ് കമ്പനികൾ തകർപ്പൻ പരസ്യം നൽകി കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ ഗ്രാമീണ വിപണി മുന്നിൽക്കണ്ടു വിവിധ ചെറുകിട യൂണിറ്റുകളും കേക്ക് നിർമാണവും വിപണനവും ആരംഭിച്ചു കഴിഞ്ഞു.