കൊല്ലം റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കൊല്ലം :റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. കേസിൽ പിടിയിലായ പ്രതി സുനുവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു.
അപസ്‌മാരത്തെ തുടർന്ന് യുവതി മരിച്ചു എന്നാണ് പ്രതിയുടെ മൊഴി. തന്‍റെയൊപ്പം ഉണ്ടായിരുന്ന സമയത്ത് മരണം സംഭവിച്ചു എന്നറിയാതിരിക്കാൻ യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ പ്രതിയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ആഹാരം ശ്വാസകോശത്തിൽ കുടുങ്ങി മരണം സംഭവിച്ചു എന്നാണ് ഡോക്‌ടറുടെ പ്രാഥമിക വിലയിരുത്തൽ. തലയുടെ ഇരുവശത്തും മാറിലും മുറിവേറ്റ പാടുകളുണ്ട്. ഈ മുറിവുകൾ മരണ കാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ ശാസ്ത്രീയ പരിശോധനാഫലം വരണം.
തെളിവെടുപ്പിൽ ക്വാർട്ടേഴ്‌സിൽ കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങൾ എല്ലാം ഇയാൾ പൊലീസിനോട് വിശദീകരിച്ചു. ഡിസംബര്‍ 29ന് ബീച്ചില്‍വച്ചാണ് കേരളപുരം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
യുവതിയുടെ മൃതദേഹം ഇന്നലെ രാവിലെയാണ് ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.
എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നായിരുന്നു പൊലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവച്ച ശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി.
ഇതിനിടെ ബുധനാഴ്‌ച റെയിൽവേ ക്വാർട്ടേഴ്‌സിന്‍റെ ഭാഗത്ത് നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.