കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര(25)യുടെ മരണം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ - കൊല്ലം
ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര(25)യുടെ മരണം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ അടൂരിലെ ഭർതൃഗൃഹത്തിൽ വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവിടെനിന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകടിയേറ്റിട്ടും ഒപ്പം കിടന്നിരുന്ന ഭർത്താവ് അറിഞ്ഞിരുന്നില്ല.
ശീതീകരിച്ച മുറിയുടെ ജനൽ തുറന്നിട്ടിരുന്നു എന്നും അതിലൂടെയാണ് പാമ്പ് അകത്ത് കടന്നത് എന്നുമാണ് ഭർത്താവിന്‍റെ മൊഴി. ഇതാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംശയത്തിന് കാരണമായിരിക്കുന്നത്. വിഷ പാമ്പ് കടിച്ചാൽ വേദനയോ വെപ്രാളമോ ഉണ്ടാകും. ഇതൊന്നും ഒപ്പം കിടന്നയാൾ അറിഞ്ഞില്ല എന്നത് വിശ്വാസയോഗ്യമല്ല. നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ല. ഇതിനാൽ തന്നെ ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നും മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.