കൊല്ലം:അഞ്ചലിൽ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സുചന. ഏറം സ്വദേശി ഉത്രയുടെ ദുരൂഹ മരണത്തിലാണ് ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സൂരജിനൊപ്പം നാലുപേരെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭർത്താവ് കുറ്റം സമ്മതിച്ചു - Woman dies
ഏറം സ്വദേശി ഉത്രയുടെ ദുരൂഹ മരണത്തിൽ ആണ് ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കല്ലുവാതുക്കൽ സ്വദേശിയായ പാമ്പുപിടുത്തക്കാരൻ സുരേഷിൽ നിന്നും 10000 രൂപ നൽകി പാമ്പിനെ വാങ്ങിയെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാളുമായി സൂരജ് ഫോണിൽ ബന്ധപ്പെട്ടത്തിന്‍റെ വിവരങ്ങൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ആദ്യം ഉത്രയ്ക് പാമ്പു കടിയേൽക്കുന്ന മാർച്ച് രണ്ടിന് ശേഷം അടൂരിലെ ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് സ്വർണം എടുത്തു. ഇരുവരുടെയും പേരിൽ ഉണ്ടായിരുന്ന ലോക്കറിൽ 92 പവൻ സ്വർണമുണ്ടായിരുന്നു. രണ്ടുതവണ ഉത്രയ്ക്ക് കടിയേൽക്കുമ്പോഴും സൂരജ് ഒപ്പമുണ്ടായിരുന്നു. മരണത്തിൽ ബന്ധുക്കൾ അടക്കമുള്ളവർക്ക് പങ്ക് ഉണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്
കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചിൽ അടൂരിലെ ഭർതൃഗൃഹത്തിൽ വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നത്. പാമ്പുകടിയേറ്റിട്ടും ഒപ്പം കിടന്നിരുന്ന ഭർത്താവ് അറിഞ്ഞിരുന്നില്ല. ശീതീകരിച്ച മുറിയുടെ ജനൽ തുറന്നിട്ടിരുന്നു എന്നും അതിലൂടെ പാമ്പ് അകത്ത് കടന്നതെന്ന് എന്നുമാണ് സൂരജ് അന്ന് മൊഴി നൽകിയത്. ഇതാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംശയത്തിന് കാരണമായതും കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായതും.