കൊല്ലം:പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിക്ക് എതിരെ ബന്ധുക്കൾ. കൊല്ലം വടക്കേ മൈലക്കാട് ഉഷസിൽ വിപിന്‍റെ ഭാര്യ ഹർഷയാണ് മരിച്ചത്. കുട്ടി ഗുരുതരാവസ്ഥയിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രിക്ക് എതിരെ ബന്ധുക്കൾ - ashtamudi cooperative hospital
പ്രസവ ശേഷമുണ്ടായ ചികിത്സാപിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസവത്തിന് ശേഷം അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും ഗുരുതരാവസ്ഥയിലായതോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുവാൻ നിർദേശിക്കുകയും ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായ ചികിത്സ പിഴവാണ് അഷ്‌ടമുടി സഹകരണ ആശുപത്രിയിൽ ഉണ്ടായതെന്ന് ഹർഷയുടെ പിതാവ് പറഞ്ഞു.
ആശുപത്രിയിലെ ചികിത്സ പിഴവിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ആശുപത്രിയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഹർഷയുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.