കൊല്ലം:വിസ്‌മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.
നാലുമാസത്തെ വിചാരണക്ക് ശേഷമാണ് കേരളം കാത്തിരുന്ന വിധി വന്നത്. അഡ്വ. ജി മോഹന്‍കുമാറായിരുന്നു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം (304ബി, 306, 408) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വിധി കേള്‍ക്കാനായി വിസ്‌മയയുടെ പിതാവും കുടുംബവും കോടതിയിലെത്തിയിരുന്നു. 2021ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 19നായിരുന്നു വിസ്‌മയയുടെയും മോട്ടോർ വാഹന വകുപ്പിൽ എം.വി.ഐ ആയിരുന്ന കിരണിന്‍റെയും വിവാഹം. നൂറ് പവനും കാറും സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം സ്ത്രീധനത്തിന്‍റെ പേരിൽ വിസ്‌മയയെ കിരണ്‍ പീഡിപ്പിക്കാനാരംഭിച്ചു. ഇതിനിടയിൽ പല തവണ വിവരങ്ങൾ വിസ്മയ വീട്ടിലും അറിയിച്ചു. മാനസിക പീഡനത്തിനൊപ്പം ശാരീരിക പീഡനം കൂടി നേരിടേണ്ടി വന്നതോടെ വിസ്‌മയ ജീവനൊടുക്കുകയായിരുന്നു. 2021 ജൂൺ 22ന് വിസ്‌മയയുടെ ആത്മഹത്യ കൊലപാതകമാണെന്നാരോപിച്ച് പിതാവും സഹോദരനും രംഗത്തെത്തി. കിരണിന്‍റ പീഡനം തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിന് കൈമാറി. സംഭവത്തില്‍ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വിസ്‌മയ നേരിട്ട ക്രൂര പീഡനം പുറം ലോകമറിഞ്ഞതോടെ ഓഗ്സ്റ്റ് 6ന് മോട്ടോർ വാഹന വകുപ്പിൽ നിന്നും കിരണിനെ പുറത്താക്കി. ഐ.ജി അർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി 2021 സെപ്തംബർ 10ന് 507 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കിരൺ അറസ്റ്റിലായി 80-ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായത് കേസിൽ ശ്രദ്ധേയമായി. 2022 ജനുവരി 10ന് ആരംഭിച്ച വിചാരണ നാല് മാസം നീണ്ടു.
ഇതിനിടെ മാർച്ച് രണ്ടിന് കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പെടെ 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. ദൃസാക്ഷികളില്ലാത്ത കേസിൽ ഡിജിറ്റൽ തെളിവുകളാണ് നിർണായകം. എന്നാൽ ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.