കൊല്ലം:വിസ്‌മയ ആത്മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും 306 പ്രകാരം ആറ് വര്‍ഷവും 498 പ്രകാരം രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയുമടയ്‌ക്കണം. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്‌മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്‌മയ ആത്മഹത്യ ചെയ്‌തത്.
കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് കെ.എന്‍. സുജിത്താണ് വിധി പ്രസ്‌താവിച്ചത്. നാലുമാസത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി കോടതി വിധി വന്നത്. അഡ്വ. ജി. മോഹന്‍ രാജാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. വിധി കേള്‍ക്കാന്‍ വിസ്‌മയയുടെ അച്ഛന്‍ ത്രിവിക്രമൻ നായർ 10.45ഓടെ കോടതിയില്‍ എത്തിയിരുന്നു.
കിരണ്‍ കുമാറിനെതിരായ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 2021ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 19നായിരുന്നു വിസ്‌മയയുടെയും മോട്ടോർ വാഹന വകുപ്പിൽ എം.വി.ഐ ആയിരുന്ന കിരണിന്‍റെയും വിവാഹം. നൂറ് പവനും കാറും സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടത്തിയത്.