കൊല്ലം:വിസ്‌മയ കേസിൽ വിസ്‌താരം തുടരുന്നു. ഉറ്റ കൂട്ടുകാരി ഉൾപ്പെടെ നിരവധി പേരുടെ മൊഴി കോടതി രേഖപ്പെടുത്തി. തിങ്കളാഴ്ച കിരണിൻ്റെ പിതാവിനെയും ബന്ധുക്കളെയും വിസ്‌തരിക്കും.
വിസ്‌മയ കേസില്‍ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി കോടതി കാറിൻ്റെയും സ്വർണത്തിൻ്റെയും പേരിൽ കിരൺ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിസ്‌മയ തന്നോട് പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാരിയും കേസിലെ നാലാം സാക്ഷിയുമായ വിദ്യ മൊഴി നല്‍കി. ഒന്നാം അഡീഷണൽ സെഷൻസ് കോടതി മുന്‍പാകെയാണ് മൊഴി നൽകിയത്. വിസ്‌മയയുടെ സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിന് തമ്മിൽ കണ്ടപ്പോഴാണ് ഇക്കാര്യങ്ങൾ പലതും പറഞ്ഞത്.
ALSO READ:ചില്‍ഡ്രൻസ് ഹോമിലെ പെണ്‍കുട്ടികള്‍: ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ അറസ്റ്റില്‍, മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചു
കിരണിൻ്റെ വീട്ടിൽ നിന്നും പോകാൻ സഹായിക്കണമെന്നും വിസ്‌മയ, വിദ്യയോട് അഭ്യർഥിച്ചു. കോടതിയിൽ സമർപ്പിച്ച, വിസ്‌മയയും വിദ്യയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ സാക്ഷി തിരിച്ചറിഞ്ഞു. കിരണിനൊപ്പമുള്ള യാത്രക്കിടെ വഴക്കിട്ട വിസ്‌മയ, കാറിൽ നിന്നും ഇറങ്ങി കിഴക്കേകല്ലടയിൽവച്ചു കരഞ്ഞുകൊണ്ട് വഴിയോരത്തെ വീട്ടിൽ കയറിയെന്ന സാക്ഷി മൊഴിയുണ്ടായിരുന്നു. ഇത് കിഴക്കേകല്ലട സ്വദേശി ശൈല സ്ഥിരീകരിച്ചു.
വിവാഹ ശേഷം തന്നെ വിളിക്കാൻ വിസ്‌മയയെ കിരൺ അനുവദിച്ചിരുന്നില്ല എന്ന് ഹോസ്റ്റൽ വാർഡൻ ഇന്ദിരയും മൊഴിനൽകി. സമീപവാസി സാബുജാൻ, കരയോഗം ഭാരവാഹി പ്രേമചന്ദ്രൻ, ബന്ധു രാധാകൃഷ്ണകുറുപ്പ് എന്നിവരുടെ വിസ്‌താരവും നടന്നു. തിങ്കളാഴ്ച കിരണിൻ്റെ പിതാവിനെയും ബന്ധുക്കളെയും വിസ്‌തരിയ്ക്കും.