നാളെ വിഷുദിനം. മലയാളി ഐശ്വര്യത്തിന്‍റെ കണി കണ്ടുണരേണ്ട ദിവസം. കണിത്താലത്തില്‍ കൊന്നപ്പൂക്കള്‍ക്കിടയില്‍ മന്ദസ്‌മിതം തൂകി നിൽക്കുന്ന ശ്രീകൃഷ്‌ണ വിഗ്രഹം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമൃദ്ധിയുടെ പ്രതീകമാണ്. എന്നാൽ കൊവിഡ് ഭീതിയില്‍ വീണ്ടും വിഷുവെത്തുമ്പോള്‍ മലയാളിക്ക് കണികണ്ടുണരാന്‍ കൃഷ്‌ണവിഗ്രഹങ്ങള്‍ ഒരുക്കിയ അതിഥി തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് നിറം മങ്ങുന്നത്.
സമൃദ്ധിയും ഐശ്വര്യവും നിറയട്ടെ... പ്രതീക്ഷയോടെ നാളെ വിഷു
ദുരന്തത്തിന്‍റെ കൊവിഡ് കാലത്തിനിടയിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് മലയാളികള്‍
വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതായതോടെ മുടക്കു മുതല്‍ പോലും ലഭിക്കാതെ തുച്ഛമായ വിലയ്ക്കാണ് പല തൊഴിലാളികളും കൃഷ്‌ണ വിഗ്രഹങ്ങള്‍ വിറ്റൊഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ കൊവിഡും ലോക്ക്ഡൗണുമെല്ലാം വിഷുവിന്‍റെ പൊലിമ കുറച്ചപ്പോഴും തൊളിലാളികളുടെ അവസ്ഥ ദയനീയമായിരുന്നു. നല്ല കച്ചവടം ലഭിക്കുമെന്ന് കരുതിയാണ് വിഷുവെത്തുന്നതിന് ആഴ്‌ചകൾക്ക് മുന്‍പെ മിക്കയിടത്തും അതിഥി തൊഴിലാളികള്‍ വിഗ്രഹങ്ങളുമായി പാതയോരങ്ങളില്‍ നിലയുറപ്പിച്ചത്. എന്നാല്‍ ഇത്തവണത്തെ വിഷുവും ഇവരെ ചതിച്ചു.
വിഷുക്കാലമായാല്‍ കണിക്കൊന്നയ്‌ക്കും പൂക്കാതിരിക്കാനാവില്ല. എന്നാൽ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സന്തോഷം പകര്‍ന്ന് ആവശ്യക്കാരെ കാത്ത് നിറയെ പൂത്തുലഞ്ഞു നിന്ന കണിക്കൊന്നകളും ഇത്തവണത്തെ വിഷുവിന് കിട്ടാക്കനിയാകുന്നു. വിഷു എത്തുന്നതിന് ആഴ്‌ചകള്‍ക്കു മുന്‍പേ നാടു മുഴുവന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞുനിന്നെങ്കിലും കഴിഞ്ഞ ഒരു ദിവസത്തെ മഴയില്‍ മിക്കയിടങ്ങളിലും പൂക്കളെല്ലാം കൊഴിഞ്ഞുപോയതാണ് പ്രതിസന്ധിക്ക് കാരണം. വിഷു കണി കിറ്റുകൾ വാങ്ങാൻ ആളുകൾ എത്താതായതോടെ പലവ്യഞ്ജന കടകളിലും സ്ഥിതി ദയനീയമാണ്.