കൊല്ലം: കൊറോണ വൈറസ് ഭീതിയും കത്തുന്ന ചൂടും ഇവർക്ക് പ്രശ്‌നമല്ല. അത് രോഗത്തോടുള്ള വെല്ലുവിളിയല്ല, മറിച്ച് അന്നന്ന് അടുപ്പ് പുകയാനുള്ള പരിശ്രമങ്ങളാണ്. വിഷുവിന് ഒരു മാസം ശേഷിക്കെ ആഘോഷങ്ങളുടെ വരവറിയിച്ച് റോഡരികിൽ ഉണ്ണിക്കണ്ണന്മാരുമായുമാണ് ഈ ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ്. ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണന്മാരെ വാങ്ങാനായി ആളുകളും വന്നുതുടങ്ങി. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കൊട്ടിയം ഭാഗത്താണ് രാജസ്ഥാൻ സ്വദേശികളായ മൂവർ സംഘത്തിന്‍റെ വിഗ്രഹ വിൽപന. വിവിധ നിറങ്ങളിലുള്ള കൃഷ്‌ണ വിഗ്രഹങ്ങൾക്ക് പുറമെ സ്റ്റാന്‍ഡുകൾ, ഫ്‌ളവർ വെയ്‌സുകൾ എന്നിവയും വിൽപനക്ക് തയ്യാറാക്കിയിട്ടുണ്ട്. 150 രൂപയാണ് ഏറ്റവും കുറഞ്ഞ വില. വലിപ്പം അനുസരിച്ച് 1,000 മുതൽ 2,500 രൂപ വരെ വില ഉയരും.
വൈറസ് അല്ല, വിശപ്പാണ് പ്രശ്‌നം; പൊരിവെയിലിൽ അന്നം തേടി ഇതരസംസ്ഥാന തൊഴിലാളികൾ - making idols of krishna
വിഷു വരവറിയിച്ച് ഉണ്ണിക്കണ്ണന്മാരുടെ വിഗ്രഹങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളികൾ എത്തിത്തുടങ്ങി
രാവിലെ മുതൽ വിഗ്രഹ നിർമാണം തുടങ്ങും. വിഗ്രഹത്തിൽ പെയിന്‍റടിച്ച്, മിനുക്കുപണികൾ പൂർത്തിയായാല്‍ ഉണ്ണിക്കണ്ണൻ റെഡി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന വളരെ കുറവാണെന്ന് തൊഴിലാളിയായ ഹീരാലാൽ പറയുന്നു. വിഷു അടുക്കുന്നതോടെ കൂടുതൽ വിൽപന നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കേരളത്തിൽ ഇത് ആദ്യമല്ലെന്നും നല്ല പിന്തുണയാണ് മലയാളികൾ നല്‍കുന്നതെന്നുമാണ് തൊഴിലാളികളുടെ അഭിപ്രായം. എന്തായാലും വിഷുവരെ കാത്തിരിക്കാനാണ് ഈ ഭായിമാരുടെ തീരുമാനം. എല്ലാ ഭീതിയുമകന്ന് കേരളം അതിജീവിക്കുന്നതോടെ ഇക്കൂട്ടരും ചിരി നിറച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് നമുക്കും പ്രത്യാശിക്കാം.