കൊല്ലം: വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻ്റ് ഡി.അജയകുമാറിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത് കൗൺസിൽ ഹാളിൽ കടന്ന് മർദിച്ചതായി പരാതി. മർദനമേറ്റ പ്രസിഡൻ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം തടയാനോ, പ്രസിഡൻ്റിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്ത പൊലീസ് ഗുരുതര അലംഭാവം കാട്ടിയെന്ന ആരോപണമുണ്ട്. എന്നാൽ പ്രസിഡൻ്റിനെ മർദിച്ചെന്ന പ്രചരണം വ്യാജമാണെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
ആംബുലൻസ് ഡ്രൈവറുടെ വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയ സംഭവത്തിൽ ദിവസങ്ങളായി പ്രതിപക്ഷം പഞ്ചായത്തിൽ സമരത്തിലാണ്. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് കൗൺസിൽ യോഗം നടന്നതും 23 അജൻഡയും പ്രസിഡൻ്റ് അവതരിപ്പിച്ചതും. മിനിറ്റ്സിൽ കരട് കേൾക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി ആവശ്യം നിരാകരിച്ചതിനെ ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങൾ വാക്കേറ്റത്തിലായി.