കൊല്ലം: ലോക്ക്ഡൗൺ പരിശോധനകൾക്കിടയിലും കൊട്ടാരക്കരയിൽ വാഹന മോഷ്ടാക്കൾ വിലസുന്നു. രണ്ടു മാസത്തിനിടെ കൊട്ടാരക്കര പരിസര പ്രദേശങ്ങളിൽ നിന്നും നഷ്ടമായത് ഏഴ് ബൈക്കുകൾ. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ്. മോഷ്ടിച്ച ബുള്ളറ്റിലും സ്‌കൂട്ടറിലും കാറിലുമായി കറങ്ങുന്ന മോഷ്ടാക്കളാണ് കൊട്ടാരക്കരയിൽ വിലസുന്നത്. വർക്ക് ഷോപ്പ് നടത്തുന്ന അനിലിന്‍റെ ടുവീലർ മോഷ്ടിക്കപെട്ടു.
കൊട്ടാരക്കരയിൽ വാഹന മോഷ്ടാക്കൾ വിലസുന്നു - kottarakkara theft news
കൊട്ടാരക്കരയിൽ വിവിധ പ്രദേശങ്ങളിലായി വാഹനമോഷണങ്ങളുടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
വെഞ്ഞാറമൂട്ടിൽ നിന്നും മോഷ്ടിച്ച കാറുമായി കൊട്ടാരക്കരയിലെത്തിയ മോഷ്ടാക്കൾ കാറിന്‍റെ ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനം കരിക്കത്ത് ഉപേക്ഷിക്കുകയും അനിലിന്‍റെ സ്‌കൂട്ടർ മോഷ്ടിക്കുകയുമായിരുന്നു. പെട്രോൾ പമ്പിലെത്തി കന്നാസിൽ ഇന്ധനം നിറയ്ക്കാനാവശ്യപ്പെട്ട മോഷ്ടാക്കൾ ജീവനക്കാരന്‍റെ കണ്ണിൽ മുളകുവെള്ളം സ്പ്രേ ചെയ്യുകയും ചെയ്‌തു.
ഉപേക്ഷിച്ച കാർ തിരികെ എടുക്കാനായി വന്ന മോഷ്ടാക്കൾ പൊലീസിനെ ഇടിച്ചിട്ട് ബൈക്കുമായി രക്ഷപെടുകയായിരുന്നു. ഇതേ ദിവസം തന്നെ തലച്ചിറയിലെ കേബിൾ ഓപ്പറേറ്ററുടെ ബൈക്കും മോഷണം പോയതായി പരാതിയുണ്ട്. ഒട്ടേറെ ആളുകൾ മോഷണ സംഘത്തിലുണ്ടെന്നും പൊലീസ് അന്വഷണം നടത്തണമെന്നുമുള്ള ആവശ്യവും ശക്തമായിരിക്കുകയാണ്.