കൊല്ലം : പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിന്‍റെ കൂട്ടായ തീരുമാനത്തിലൂടെയെന്ന് മുതിര്‍ന്ന നേതാവ് ഉമ്മൻ ചാണ്ടി. ഇനി വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്‍റിനെ മാറ്റുന്ന കാര്യം എ.ഐ.സി.സി തീരുമാനിക്കും. സംസ്ഥാന തലത്തിൽ അക്കാര്യം ആലോചിച്ചിട്ട് കൂടിയില്ല. ഒന്നിച്ച് നിന്ന് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. കോൺഗ്രസിൻ്റെ തിരിച്ചുവരവ് വിദൂരമല്ലന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോടു പറഞ്ഞു.
വി.ഡി സതീശനെ തെരഞ്ഞെടുത്തത് കൂട്ടായി തീരുമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി
പ്രതിപക്ഷ നേതാവിന്‍റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.
പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍റെ പേര് ഹൈക്കമാൻഡാണ് നിര്‍ദേശിച്ചത്. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തെ അറിയിക്കുകയായിരുന്നു. തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സതീശനെ അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്‍റുമായ വി.എം സുധീരനും രംഗത്തുവന്നു. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും വൈദ്യലിംഗത്തിന്‍റെയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനമായത്.
സര്‍ക്കാരിനെതിരായ ഓരോ വിഷയവും രമേശ് ചെന്നിത്തല കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്‍റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തതിനാല്‍ അദ്ദേഹം തുടരട്ടെ എന്ന നിലപാടിലായിരുന്നു അനുകൂലികള്‍. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുകയായിരുന്നു.