കൊല്ലം: കൊല്ലം-ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്‍റെ നിര്‍മാണം പുരോഗിമിക്കുന്നു. 136.39 കോടി രൂപ ചിലവിട്ടാണ് വലിയഴീക്കല്‍ പാലം നിര്‍മിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അറബിക്കടലിന്‍റെ പൊഴിമുഖത്തിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ തീരദേശ പാത യാഥാര്‍ത്യമാകുന്നതിന് വലിയഴീക്കല്‍ പാലം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
വലിയഴീക്കൽ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു - valiyazhikkal bridge
136.39 കോടി രൂപയാണ് വലിയഴീക്കല്‍ പാലത്തിന്‍റെ നിര്‍മാണ ചിലവ്
അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്. പാലം പൂര്‍ത്തീകരണത്തോടെ 25 കിലോമീറ്റര്‍ യാത്രാദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 976 മീറ്റര്‍ നീളമുള്ള പാലത്തിന് 16 സ്‌പാനുകളാണ് ആകെയുള്ളത്. കായലിന് കുറുകെയുള്ള മൂന്ന് സ്‌പാനുകള്‍ 110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആർച്ച് മാതൃകയിലാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. ബാക്കി 37 മീറ്റര്‍ നീളമുള്ള 13 സ്‌പാനുകളാണ് ഉള്ളത്. 110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആർച്ച് സ്‌പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ സ്‌പാനാണ്. വാഹനങ്ങളുടെയും ഡക്ക് സ്ലാബിന്‍റെയും ഭാരം ആര്‍ച്ചുകളിലേക്ക് നല്‍കുന്നത് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാക്ക് അലോയി എന്ന ടെന്‍ഷന്‍ റോഡ് ഉപയോഗിച്ചാണ്. പാലത്തിന്‍റെ നിര്‍മാണം 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.