കൊല്ലം:കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപ്പെടണമെങ്കിൽ അനുകൂലമായ രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സേവാ സമർപ്പൺ അഭിയാന്‍റെ ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങളുടെ സമർപ്പണവും ആദരവും കൊല്ലം ഉളിയകോവിലിൽ നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനത്തിനും വ്യവസായ വളർച്ചക്കും തടസം സൃഷ്‌ടിക്കുന്നത് സങ്കുചിത രാഷ്ട്രീയവും അനാവശ്യ ഹർത്താലുകളുമാണെന്ന് അദ്ദേഹം വിമർശിച്ചു. ലോക വിനോദ സഞ്ചാരദിനം കേരളം ആചരിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണ്. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരത്ത് എന്തുകൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസിലാക്കണം. സർക്കാർ മേഖലയിൽ വിമാനത്താവളം നിലനിർത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതാണോ നല്ലതെന്നറിയാൻ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.