കൊല്ലം :ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയും. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിന്‍റെ പ്രായം പരിഗണിച്ച് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എം.മനോജാണ് വിധി പ്രസ്‌താവിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും കോടതി വിധിച്ചു. 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.
ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. ഇയാളില്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്നും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ചുമത്തിയ കുറ്റങ്ങള്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഉത്രയുടെ മരണം കൊലപാതകമല്ലെന്നായിരുന്നു കോടതിയില്‍ പ്രതിഭാഗം വാദം.
ഉത്രവധക്കേസില്‍ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. 87 സാക്ഷികളും 288 രേഖകളും നാല്‍പതോളം തൊണ്ടി മുതലും കേസിനാസ്‌പദമായി പൊലീസ് ശേഖരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്നതിനാല്‍ ശാസ്ത്രീയമായും ഡമ്മി പരീക്ഷണത്തിലൂടെയുമായിരുന്നു പൊലീസ് തൊളിവുകള്‍ ശേഖരിച്ചത്. സൂരജിനെതിരെ 1000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഉത്ര വധക്കേസ് നാള്‍വഴി
2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കാണുന്നത്. 2020 മാര്‍ച്ചില്‍ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിക്കാന്‍ സൂരജ് ആദ്യ ശ്രമം നടത്തിയിരുന്നു. പരാജയപ്പെട്ടതോടെ മൂര്‍ഖനെ ഉപയോഗിച്ചു. അതില്‍ സൂരജ് വിജയിച്ചു.
വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ അന്വേഷണത്തിൽ സൂരജാണ് കൊലയാളിയെന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷൻ നടപടികൾ.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കിയതും നിർണായക നീക്കമായി. സൂരജ് യൂട്യൂബില്‍ നിന്നും പാമ്പിനെ സംബന്ധിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.