കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിനായി പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു. പഴയ കുടുംബ വീടിന്‍റെ പിറകില്‍ നിന്നാണ് കുപ്പി കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഉത്രയുടെ മാതാപിതാക്കൾ സൂരജിനോട് തട്ടിക്കയറി.
ഉത്രയുടെ കൊലപാതകം; സൂരജുമായി തെളിവെടുപ്പ് നടത്തി നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായാണ് സൂരജിനെ തെളിവെടുപ്പിനെത്തിച്ചത്. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വിരലടയാള വിദഗ്‌ധരും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്ത് നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.
ഉത്രയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സൂരജിനൊപ്പം നാലുപേരെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചിൽ അടൂരിലെ ഭർതൃഗൃഹത്തിൽ വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നത്.