കൊല്ലം:ഉത്രയെ മൂർഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിനെയും പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇന്ന് രാവിലെ 10.55ഓടെയാണ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകൻ, അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടൂർ പറക്കോട്ടെ വീട്ടിലേക്ക് സൂരജുമായെത്തിയത്. വന്നയുടൻ തന്നെ വനിതാ പൊലീസ് സൂരജിന്‍റെ മാതാപിതാക്കളെയും ബന്ധുക്കളെയും ഒരു മുറിയിലേക്ക് മാറ്റി. സൂരജിനെ കാണാൻ മാതാപിതാക്കൾക്ക് അവസരം നൽകിയില്ല. തുടർന്ന് താഴത്തെ നിലയിലെ മുറിയിൽ കടന്ന ശേഷം സൂരജുമായി മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെത്തി.
ഉത്ര കൊലപാതകം; തെളിവെടുപ്പ് പുരോഗമിക്കുന്നു - കൊല്ലം വാര്‍ത്തകള്‍
കേസിലെ മുഖ്യപ്രതി സൂരജിനെയും പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ഇവിടെ വച്ച് സൂരജിനെ ചോദ്യം ചെയ്തുവരികയാണ്. ഉത്ര പാമ്പിനെ കണ്ട സംഭവത്തെപ്പറ്റിയായിരുന്നു ആദ്യം ചോദിച്ചത്. അത് ചേരയായിരുന്നുവെന്നാണ് സൂരജ് ആവർത്തിക്കുന്നത്. അണലിയെക്കൊണ്ട് കടിപ്പിച്ചതിന്‍റെ വിശദാംശങ്ങൾ പിന്നീട് തിരക്കി. ഉത്രയെ കടിച്ച അണലിയെ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് പ്ളാസ്റ്റിക് കവറിലാക്കി വീടിന് മുകളിൽ നിന്നും പുറത്തേക്ക് എറിഞ്ഞുവെന്നാണ് ആദ്യം മുതൽ സൂരജ് പറഞ്ഞുവരുന്നത്. ഇതിന് സ്ഥിരീകരണം വരുത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഉത്രയെ കൊലപ്പെടുത്താൻ കൊണ്ടുവന്ന മൂർഖൻ പാമ്പിനെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നതാണോയെന്നും ചോദിക്കുന്നുണ്ട്. അല്‍പ സമയത്തിനകം ഇതിന്‍റെ പൂർണമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. സൂരജിന്‍റെ മാതാപിതാക്കൾക്ക് കേസിൽ പങ്കുണ്ടോയെന്ന തരത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇവരെ പ്രതിചേർക്കുമെന്നാണ് സൂചന.