കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ വീണ്ടും വഴിത്തിരിവ്. ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനെന്ന് സൂചന. ഉത്രയുടെ പേരില്‍ വൻ തുക ഇൻഷുറൻസ് എടുത്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇൻഷുറൻസ് സംബന്ധിച്ച രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉത്രയുടെ വീട്ടുകാരുമായി ഇക്കാര്യം അന്വേഷണ സംഘം സംസാരിച്ചു. ഉത്ര കൊലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഇൻഷുറൻസ് എടുത്തതെന്നാണ് സൂചന.
ഉത്ര കൊലപാതകം: പ്രതിയുടെ സാമ്പത്തിക താല്‍പര്യത്തെ കുറിച്ചും അന്വേഷണം
ഉത്രയുടെ പേരില്‍ വൻ തുക ഇൻഷുറൻസ് എടുത്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക താല്‍പര്യമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുന്നത്. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി. വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസുകളാണ് പ്രതികളുടെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ പ്രതി പട്ടികയിലുള്ള പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറിനെ മാപ്പു സാക്ഷിയാക്കിയേക്കും. സൂരജിന് പാമ്പുകളെ കൈമാറിയ സുരേഷിന്‍റെ പേരിൽ കൊലപാതകത്തിനുള്ള ആയുധം നൽകി എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.