കൊല്ലം: 2020 മെയ് ഏഴിന് കൊല്ലം അഞ്ചൽ ഏറത്ത് ഉത്രയെന്ന 25 വയസുകാരി പാമ്പു കടിയേറ്റ് മരിക്കുന്നു. സ്വാഭാവിക മരണമെന്ന് നാടൊന്നടങ്കം വിലയിരുത്തി. മാർച്ച് രണ്ടിനാണ് അടൂർ പറക്കോടെ ഭർത്താവ് സൂരജിന്‍റെ വീട്ടിൽ വച്ച് ഉത്രയ്‌ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഏറം വിഷു വെള്ളാശേരിലെ സ്വന്തം വീട്ടിലേക്ക് ഉത്രയും ഭര്‍ത്താവും താമസം മാറി. ഭർത്താവിന്‍റെയൊപ്പം ഒരേമുറിയിൽ കഴിയവെയാണ് മെയ് ഏഴിന് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ട് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴാണ് മരണം പാമ്പു കടിയേറ്റാണെന്ന് അറിയുന്നത്. ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല. ഉടനെ ബന്ധുക്കൾ തിരികെവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു. രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ല എന്നത് ഉത്രയുടെ വീട്ടുകാരിൽ സംശയങ്ങൾ ജനിപ്പിച്ചു. ആദ്യതവണ ഭർത്താവിന്‍റെ വീട്ടിൽ വച്ച് ഉത്രയെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ട് പോയത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റ മുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു. ഇതിന്‍റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഉത്ര മരിക്കുന്നത്. അതും അടച്ചിട്ട എസി റൂമിൽ വച്ച്. ഓമനിച്ചുവളർത്തിയ മകളുടെ മരണത്തിൽ മരുമകന്‍റെ പങ്ക് ഉത്രയുടെ മാതാപിതാക്കളും സഹോദരനും സംശയിച്ചിരുന്നു.
രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സൂരജും കുടുംബവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. ഭർത്താവിന്‍റെയും ബന്ധുക്കളുടെയും ശല്യം സഹിക്ക വയ്യാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക് ഭർത്താവിന്‍റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിയുന്നത്. ഉള്ളിൽ തോന്നിയ സംശയങ്ങൾ ഓരോന്നും വിവരിച്ച് മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകുന്നതോടെയാണ് സംഭവത്തിന്‍റെ ഗതിമാറുന്നത്. അങ്ങനെയാണ് ലോക്കൽ പൊലീസ് അന്വേഷിച്ച് വഷളാക്കിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. അന്വേഷണം തുടങ്ങി മൂന്നാം ദിവസം ഉത്രയുടെ ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്യുന്നു. ഇതോടെ ഉത്രയുടേത് സ്വാഭാവിക മരണം അല്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും തെളിയുന്നു. കല്ലുവാതുക്കൽ സ്വദേശിയും പാമ്പുപിടുത്തക്കാരനുമായി സുരേഷ് എന്ന വ്യക്തിയിൽ നിന്ന് പണം നൽകി സൂരജ് ആദ്യം അണലിയെ വാങ്ങുന്നു. ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാമ്പിനെ ഉത്ര കണ്ടതോടെ പാളി. പിന്നീട് രാത്രി 12 മണിയോടെ ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ എറിഞ്ഞു. കാലിൽ വേദന തോന്നുന്നു എന്നു പറഞ്ഞപ്പോൾ സൂരജ് പെയിൻ കില്ലർ കൊടുത്ത് ഉറങ്ങാൻ പറഞ്ഞു. പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കണക്കുകൂട്ടൽ തെറ്റിച്ച് ഉത്ര ജീവിതത്തിലേക്ക് മടങ്ങിവന്നതോടെ സൂരജ് പുതിയ പദ്ധതിയിലേക്ക് തിരിഞ്ഞു.