കൊല്ലം: ഉത്ര കൊലക്കേസിലെ മുഖ്യ പ്രതിയായ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഓഫീസിൽ കൊണ്ടുവന്നു. സ്വർണം കണ്ടെത്തിയത് സംബന്ധിച്ച് വിശദമായി അന്വേക്കാനാണ് ഇരുവരെയും ഹാജരാക്കിയത്. സൂരജിന്‍റെ പിതാവ് അറസ്റ്റിലായതിനെ തുടർന്ന് കുഴിച്ചിട്ട സ്വർണം കണ്ടെടുത്തിരുന്നു. ഇത് കേസിൽ നിർണായക വഴിത്തിരിവായി. സൂരജിനെയും പാമ്പിനെ നൽകിയ സുരേഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്‌ച രാത്രിയിൽ സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ.കെ.പണിക്കരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് പ്രതിയുടെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുടെ പൂർണ ചിത്രം പുറത്തുവരും.
സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു - anchal snake bite
വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്വർണം സംബന്ധിച്ച് വിശദമായി അന്വേഷിക്കാനാണ് കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഓഫീസിൽ ഇരുവരെയും ഹാജരാക്കിയത്
ഇന്നുതന്നെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചനകൾ. ഉത്രയെ കൊലപ്പെടുത്താനായി ആദ്യം അണലിയെ വാങ്ങുമ്പോഴും കുടുംബാംഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സൂരജിന്‍റെ കൈയിലെ ചാക്കിൽ നിന്നും അണലി ചാടിപ്പോയപ്പോൾ എല്ലാവരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. സൂരജ് അണലിയെ പിടികൂടി ചാക്കിലാക്കി വിറകുപുരയിൽ വയ്ക്കുകയും പിന്നീട് വീടിനകത്ത് പാമ്പിനെ ഉപേക്ഷിച്ച് ഉത്രയെ കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടു ദിവസത്തിന് ശേഷം ഉറങ്ങിക്കിടന്ന ഉത്രയെ അതേ അണലിയെക്കൊണ്ട് തന്നെ കടിപ്പിച്ചു.
അണലി കടിച്ചിട്ടും ഉത്ര രക്ഷപ്പെട്ടതോടെയാണ് കുടുംബാംഗങ്ങൾ വീണ്ടും ആലോചിച്ച് മൂർഖനെ വാങ്ങിയതും ഉത്രയെ കൊലപ്പെടുത്തിയതും. ശാസ്ത്രീയ തെളിവെടുപ്പിലൂടെ അന്വേഷണ സംഘം മിക്കവയും തെളിയിച്ചുകഴിഞ്ഞു. സൂരജിന്‍റെ അച്ഛന് പിന്നാലെ അമ്മയും സഹോദരിയും പ്രതികളാണെന്ന് തെളിയുമെന്നാണ് സൂചന.