കൊല്ലം :ഉത്ര വധക്കേസ് വിധിയിൽ തൃപ്തയല്ലെന്നും തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ മണിമേഖല. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നീതി കിട്ടിയില്ല. ഇന്ത്യൻശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ഉത്രയുടെ അമ്മ കൂട്ടിച്ചേർത്തു.
ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊന്ന കേസിലാണ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിന്‍റെ പ്രായം പരിഗണിച്ച് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എം.മനോജാണ് വിധി പ്രസ്‌താവിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും കോടതി വിധിച്ചു. 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.