കൊല്ലം: ഉത്ര കൊലക്കേസില്‍ ഭർത്താവ് സൂരജിന്‍റെ കുടുംബത്തെ വീണ്ടും ചോദ്യം ചെയ്‌തു. മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്‌തത്.
കൊലപാതക ഗൂഢാലോചനയില്‍ കുടുംബത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച തുടർച്ചയായി അഞ്ച് മണിക്കൂറോളം സൂരജിന്‍റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്‌തിരുന്നു. ഈ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും വിളിച്ചുവരുത്താൻ തീരുമാനിച്ചത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഗാർഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വർണം ഒളിപ്പിച്ചത് രേണുകയ്‌ക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്‍റെ മൊഴി. ഇത് കണ്ടെത്താനായാൽ ഈ കുറ്റം ചുമത്തി ഇവർക്കെതിരെ നടപടിയെടുക്കും.
സൂരജിന്‍റെ കുടുംബത്തെ വീണ്ടും ചോദ്യം ചെയ്‌തു സൂരജിനും കുടുംബത്തിനുമെതിരായ ഗാർഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതേസമയം വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. സുരേന്ദ്രന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.