കൊല്ലം : മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികൾ കൊല്ലത്ത് എക്സൈസ് പിടിയിൽ. ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിലിന്‍റെ മൊത്ത കച്ചവടം നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്‍റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി “ഓപ്പറേഷൻ ഡെവിൾ ഹണ്ട്” എന്ന പേരിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. വിശാഖപട്ടണം ധനഡു കൊണ്ട് സ്വദേശി പംഗ്ഗി ഈശ്വരമ്മ (35), വിശാഖപട്ടണം കുന്തർലാ സ്വദേശി കോട എൽസാകുമാരി (23) എന്നിവർ ആണ് അറസ്റ്റിലായത്.
പുനലൂർ ചെമ്മന്തൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേ അടിപ്പാത ഭാഗത്തു നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 1.200 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നീ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍ എന്ന് എക്‌സൈസ് പറഞ്ഞു.