കൊല്ലം: പത്തനംതിട്ടയിലെ കുപ്രസിദ്ധ വാഹന മോഷ്‌ടാക്കൾ ശൂരനാട് പൊലീസിന്‍റെ പിടിയിൽ. പത്തനംതിട്ടയിൽ പൊലീസ് ഇവർക്കായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതോടെയാണ് മോഷ്‌ടാക്കള്‍ കൊല്ലത്തേക്ക് കടന്നത്. മൈലപ്ര മരുത് പ്ലാക്കൽ വീട്ടിൽ രജ്ജിത്ത്, റാന്നി റബ്ബറിൻകാലയിൽ ഷിജോ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശൂരനാട് പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
കൊല്ലത്ത് വാഹനമോഷ്‌ടാക്കള്‍ പിടിയില്‍
പത്തനംതിട്ട കേന്ദ്രീകരിച്ച് വാഹനമോഷ്‌ണം പതിവാക്കിയ മൈലപ്ര സ്വദേശി രജ്ജിത്ത്, റാന്നി സ്വദേശി ഷിജോ എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കിന് താക്കോല്‍ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ വിശദ പരിശോധനയിലാണ് സ്ക്രൂ ഡ്രൈവറുകളും, രൂപമാറ്റം വരുത്തിയ താക്കോലുകളും കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്ന് നിരവധി ബൈക്കുകൾ പ്രതികൾ മോഷ്‌ടിച്ചിട്ടുണ്ട്. പകല്‍ സമയത്ത് കറങ്ങി നടന്ന് വീടുകളിലുള്ള ബൈക്കുകൾ നോക്കി വെച്ച് രാത്രിയിൽ എത്തി ലോക്ക് തകർത്ത് കടത്തി കൊണ്ട് പോവാണ് ഇവരുടെ പതിവ്.
മോഷ്‌ടിക്കുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിലും, കുറഞ്ഞ വിലയ്ക്ക് കേരളത്തിലും വിൽക്കുകയാണ് പതിവ്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. പന്തളത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് എഴുപതോളം മൊബൈലുകൾ മോഷ്‌ടിച്ച കേസിൽ രജ്ജിത്ത് നേരത്തെ അറസ്റ്റിലായിരുന്നു. സിഐ ഫിറോസ്, എസ്ഐമാരായ പി ശ്രീജിത്ത്, ജേക്കബ്ബ്, ചന്ദ്രമോൻ, എഎസ്ഐമാരായ മധു, ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.