കൊല്ലം: വിനോദയാത്രക്ക് മുന്‍പായി സ്‌കൂൾ വളപ്പില്‍ അപകടകരമായ വിധത്തില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ന്‍റി സ്കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം നടത്തിയ രണ്ട് ബസുകളാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ബസുകള്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വിനോദ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ഇരു ബസുകളും ശനിയാഴ്ച പുലര്‍ച്ചയോടെ ജില്ല അതിര്‍ത്തിയില്‍ വച്ച് പുനലൂര്‍ മോട്ടോര്‍ വാഹനവകുപ്പ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍മാരായ റാംജി.കെ കരന്‍, ജി.ആര്‍ രമേശ്, സേഫ് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
സ്കൂള്‍ വളപ്പിലെ അപകടകരമായ ഡ്രൈവിങ്; രണ്ട് ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയിലെടുത്തു - motor vehicle department news
വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ രണ്ട് ബസുകളും ഇന്ന് പുലർച്ചയോടെ ജില്ലാ അതിർത്തിയില്‍ വച്ച് പുനലൂർ മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു
തുടര്‍ന്ന് അഞ്ചലില്‍ എത്തിച്ച ബസുകള്‍ കുട്ടികളെ ഇറക്കിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസുകളുടെ പെര്‍മിറ്റ്, ഫിറ്റ്നസ് എന്നിവ റദ്ദ് ചെയ്തു. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. ഇത് റദ്ദ് ചെയ്യുന്നതിനായി പുനലൂര്‍ ജോയിന്‍റ് ആര്‍ടിഒക്ക് സമര്‍പ്പിക്കും.
ഡ്രൈവര്‍മാരായ നിയാസ് എം. സലിം, ബിനു എന്നിവരെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ ലൈസന്‍സുകള്‍ ആറുമാസത്തേക്ക് റദ്ദ് ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ ഇരുപത്തിയാറിനായിരുന്നു വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസുകള്‍ ഉപയോഗിച്ച് സ്കൂള്‍ വളപ്പില്‍ അപകടമുണ്ടാക്കും വിധം അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ മോട്ടോര്‍ വാഹന വകുപ്പ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ റൂറല്‍ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നിര്‍ദേശ പ്രകാരം അഞ്ചല്‍ പോലീസും കേസ് എടുത്തിട്ടുണ്ട്. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് വിവരം ലഭിച്ച ജീവനക്കാര്‍ കൊച്ചിയിലെത്തിച്ച് ബസുകളുടെ അകത്തും പുറത്തും ഉണ്ടായിരുന്ന അനധികൃതമായി സ്ഥാപിച്ച ലൈറ്റ്, സൗണ്ട് സിസ്റ്റങ്ങള്‍ ഇളക്കി മാറ്റിയ ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്.