കൊല്ലം:കൊല്ലം കടയ്ക്കൽ വെള്ളച്ചാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊതിയാരുവിള സ്വദേശികളായ രമേശൻ, ജയൻ എന്നിവരാണ് ഏരൂർ പൊലീസിൻ്റെ പിടിയിലായത്. മോഷണം ശ്രമം തടഞ്ഞതിനെ തുടർന്നാണ് വൃദ്ധനെ കൊന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കടയ്ക്കൽ പൊതിയാരുവിള ഇഞ്ചിമുക്ക് വെള്ളച്ചാലിൽ സ്വദേശി ഗോപാലനെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും, കാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലാണ് ഗോപാലൻ്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ വീടിൻ്റെ മേൽക്കൂരയിൽ ഉടുമുണ്ട് കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലൻ്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വർണമാലയും വീട്ടിൽ ഉണ്ടായിരുന്ന വലിയ ടോർച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലൻ്റെ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വർണമാല വിൽക്കാൻ കടയ്ക്കലിലെ ഒരു കടയിൽ രമേശൻ എത്തിയത്. സംശയം തോന്നിയ ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.