കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന്(31.07.2022) അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഞായറാഴ്‌ച അർധരാത്രി മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് ഐസ് നിറയ്‌ക്കുന്ന തിരക്കിലാണ് തീരം.
52 ദിവസത്തിന് ശേഷം കടലിലേക്ക്; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും ട്രോളിങ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തി തുടങ്ങി. നിരോധന കാലത്ത് ബോട്ടുകൾ കടലിലേക്ക് പോകാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയ ചങ്ങല ഞായറാഴ്‌ച അർധരാത്രി പൊലീസ് അഴിച്ചുനീക്കും.
കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ ഒറ്റ, ഇരട്ട രജിസ്‌ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിൽ പോകാൻ അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ എല്ലാ ബോട്ടുകൾക്കും ഒരുമിച്ച് കടലിൽ പോകാം. 36 അടി വരെ നീളമുള്ള നാടൻ ബോട്ടുകൾ തിങ്കളാഴ്‌ച ഉച്ചയോടെ മടങ്ങിയെത്തും.
അതേസമയം ഡീസലിൻ്റെയും, ഐസിൻ്റെയും മറ്റ് സാമഗ്രികളുടെയും വില വർധനവ് ബോട്ടുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 1500 ൽ പരം ബോട്ടുകൾ ആണ് ശക്തികുളങ്ങര, നീണ്ടകര പ്രദേശങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്. എല്ലാ വർഷങ്ങളിലേതും പോലെ ട്രോളിങ് നിരോധനം കഴിഞ്ഞ് പോകുമ്പോൾ ലഭിക്കുന്ന ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയുമാണ് പ്രധാനമായും ബോട്ടുകാർ പ്രതീക്ഷിക്കുന്നത്.
മത്സ്യ ഇനങ്ങളിൽ ചെങ്കലവയാണ് പ്രധാന പ്രതീക്ഷ. കണവയും പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം വരെ കടലിൽ തങ്ങുന്ന ബോട്ടുകൾക്ക് ഒരു ലക്ഷം രൂപ വരെ ചെലവുണ്ട്. മണ്ണെണ്ണയുടെ വില വർധനവ് വള്ളക്കാരെ പ്രതിസന്ധിയിലാക്കുമ്പോൾ ഡീസൽ വിലവർധനവ് ബോട്ടുകാരെ കാര്യമായ ലാഭമില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.