കൊല്ലം: ധനുമാസത്തിലെ തിരുവാതിര നാള്‍ സ്‌ത്രീകളുടെ ഉത്സവ നാളാണ്. അശ്വതി നാൾ മുതല്‍ തിരുവാതിരച്ചടങ്ങുകള്‍ ആരംഭിക്കും. ഏഴ് ദിവസത്തെ വ്രതാനുഷ്‌ടാനങ്ങളോടെയാണ് തിരുവാതിര നാളിനെ വരവേല്‍ക്കുന്നത്.
മകയിരം നാളില്‍ എട്ടങ്ങാടി (തിരുവാതിര പുഴുക്ക്) നേദിച്ച്, പാതിര പൂ (ദശ പുഷ്‌പം) ചൂടി രാത്രി മുഴുവന്‍ ഉറക്കമളച്ചിരുന്ന് കൈകൊട്ടി കളിക്കുന്നു. പുലര്‍ച്ചെ മംഗളം പാടി നിര്‍ത്തുന്നു. നെടുമാംഗല്യത്തിനും ഇഷ്‌ടഭർത്തൃലബ്‌ദിക്കും ഉമാമഹേശ്വര പ്രീതിക്കും വേണ്ടിയാണ് സ്ത്രീകൾ പ്രധാനമായും തിരുവാതിര വ്രതമെടുക്കുന്നത്.
തിരുവാതിര നാളിന്‍റെ ഐതിഹ്യം
തീവ്ര തപസ് അനുഷ്‌ടിച്ച പാർവതിയുടെ മുന്നിൽ ആർദ്രമായി ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ട് തന്‍റെ പത്നിയാക്കാമെന്ന് വരദാനം നൽകിയത് ധനുമാസ തിരുവാതിര നാളിലാണെന്നാണ് വിശ്വാസം. രതീദേവിയുടെ വിലാപം കേട്ട് കനിവ് തോന്നിയ പാർവതി, പരമശിവനോട് അപേക്ഷിച്ച പ്രകാരം ജീവൻ തിരിച്ചു നൽകിയ ദിവസമാണ് തിരുവാതിരയെന്നും പറയപ്പെടുന്നു.
ധനുമാസത്തിന് ആതിരച്ചന്തമൊരുക്കി തിരുവാതിര കളി തിരുവാതിര ആഘോഷങ്ങളുടെ പ്രധാന ചടങ്ങ് ഗംഗയുണർത്തലും കുളംതുടിയുമാണ്. അഷ്‌ടമംഗല്യവുമായി നാരിമാർ ഏഴരവെളുപ്പിന് തുടിച്ചുകുളിക്കാനിറങ്ങുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി ധനുമാസനിലാവ് പരക്കുന്നതോടെ തറവാട്ടുമുറ്റത്ത് തിരുവാതിരകളി തുടങ്ങും. മംഗലവേഷമണിഞ്ഞാണ് കൈകൊട്ടിക്കളി.
അഞ്ചുതിരിയിട്ട നിലവിളക്കിന് മുന്നിൽ നിറപറയും ഗണപതിക്കൂട്ടുമൊരുക്കി വായ്ക്കുരവയോടെയാണ് കളിയാരംഭിക്കുന്നത്. ആദ്യം ഗണപതിച്ചുവട്, പിന്നെ സരസ്വതി വന്ദനം, ശിവസ്‌തുതി എന്നിങ്ങനെ പാട്ടുകൾ. ഇതിന്‍റെ താളത്തിനൊത്ത് പദവിന്യാസത്തോടും കൈകൊട്ടോട് കൂടി മുറ്റത്ത് വട്ടമിട്ടാണ് തിരുവാതിരകളി.
പതിവ് തെറ്റിക്കാതെ മണലില്‍ സിസ്റ്റേഴ്‌സ്
ഏഴ് വര്‍ഷമായി മുടങ്ങാതെ വ്രതം നോറ്റു ധനു മാസരാവിന് ആതിരച്ചന്തമൊരുക്കി മണലില്‍ സിസ്റ്റേഴ്‌സിന്‍റെ നേതൃത്വത്തില്‍ തിരുവാതിര കളി. വൃശ്ചിക മാസം മുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് തിരുവാതിര കളിക്ക് നേതൃത്വം നല്‍കുന്നത്.
Also Read :മണ്ഡലകാലം തീരാൻ ഒരാഴ്‌ച മാത്രം ; ഇതുവരെ ദർശനം നടത്തിയത് 8 ലക്ഷത്തിലേറെ പേര്‍