കൊല്ലം: അയൽക്കാരുടെ വാക്കുതർക്കം തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. കുഴിവേലിമുക്കിന് സമീപം ലാലിഭവനിൽ സുജിത്താണ് (35) കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി കുലശേഖരപുരത്ത് തിരുവോണത്തിന്‍റെ തലേദിവസം രാത്രി 10 മണിയോടെയാണ് സംഭവം. കേസില്‍ ആദിനാട് വടക്ക് വെളുത്തേരിൽ ഷെഹിം ഷാ (26), അലി അഷ്ക്കർ (26) എന്നിവരെ കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കായംകുളത്തു നിന്ന് അറസ്റ്റ് ചെയ്തു.
വാക്കുതര്‍ക്കം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു - കരുനാഗപ്പള്ളി കൊലപാതകം
കരുനാഗപ്പള്ളി കുലശേഖരപുരത്ത് തിരുവോണത്തിന്‍റെ തലേദിവസം രാത്രി 10 മണിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, അറസ്റ്റിലായ ഷെഹിം ഷായുടേയും, അലി അഷ്ക്കറിന്‍റെയും അമ്മയായ ഷൈലജാ ബീവിയും അയൽവാസിയും മത്സ്യവ്യാപാരിയുമായ സരസനുമായി വാക്കേറ്റമുണ്ടായി. ഓണാഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതാണ് വാക്കേറ്റത്തിന് കാരണം. ഈ സമയം വീട്ടിൽ ഇരിക്കുകയായിരുന്ന സുജിത്തിനെ സരസന്‍റെ മകൻ വന്ന് സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുജിത്ത് വഴക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അലി അഷ്ക്കർ ഇറച്ചിക്കത്തികൊണ്ട് സുജിത്തിനെ കുത്തി വീഴ്ത്തി. സുജിത്തിനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
സംഭവത്തെ തുടർന്ന് കുഴിവേലിമുക്കും പരിസരപ്രദേശങ്ങളിലും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ കുഴിവേലിമുക്കിലെ മത്സ്യമാർക്കറ്റിലും ചില വീടുകൾക്കു നേരേയും അക്രമം ഉണ്ടായി.